തെൽ അവീവ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പരസ്യമായി തള്ളിക്കളഞ്ഞത് വരാനിരിക്കുന്ന ഒക്ടോബർ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് അദ്ദേഹത്തിന്റെ മുൻ സഹായി മിഷേൽ ബാരക് വിലയിരുത്തുന്നു.
ഇത് അന്തിമമായ ഒരു നിലപാടല്ലെന്നും, മറിച്ച് നെതന്യാഹുവിന്റെ ‘ആദ്യ ഘട്ട നിലപാട്’ മാത്രമാണിതെന്നുമാണ് ബാരക് വ്യക്തമാക്കുന്നത്. അധികകാലം ആയുസ്സില്ലാത്ത തന്റെ അതിതീവ്ര വലതുപക്ഷ മന്ത്രിസഭയുടെയും രാഷ്ട്രീയ അടിത്തറയുടെയും പിന്തുണ ഉറപ്പിച്ചുനിർത്താനാണ് പ്രധാനമന്ത്രി ഈ പരസ്യ എതിർപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് വാഷിങ്ടണുമായുള്ള ബന്ധത്തേക്കാൾ തദ്ദേശീയ രാഷ്ട്രീയവുമായാണ് ബന്ധമുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഹമാസിന്റെ നിരായുധീകരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെയും സമയക്രമത്തിന്റെയും പ്രശ്നം മാത്രമാണിതെന്നും, വൈകാതെ തന്നെ ഇസ്രായേൽ ട്രംപിന്റെ പദ്ധതി അംഗീകരിക്കുമെന്നും ബാരക് പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കയുമായി ശാശ്വതമായ ഒരു വിള്ളലിന് നെതന്യാഹു തയ്യാറാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ലോകനേതാക്കളിൽ വെച്ച് ട്രംപുമായുള്ള മികച്ച ബന്ധമാണ് ഈ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ഏറ്റവും വലിയ തുറുപ്പുചീട്ടെന്നും, ആ മേൽക്കൈ നഷ്ടപ്പെടുത്താൻ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും മിഷേൽ ബാരക് കൂട്ടിച്ചേർത്തു.
ഗസ്സയിലെ ട്രംപിന്റെ സമാധാന പദ്ധതി തള്ളിയ നെതന്യാഹു ഹമാസിനെ പൂർണമായും നിരായുധരാക്കുന്നതുവരെ ഇസ്രയേൽ സൈന്യം പിൻവാങ്ങില്ലെന്നും ആവശ്യമെങ്കിൽ അടുത്ത സഖ്യകക്ഷികളെവരെ എതിർക്കാൻ മടിക്കില്ലെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്.
അമേരിക്കയുമായി നയതന്ത്രക്കരാറിലെത്തിയാലും ഇറാനെ ആണവായുധം നിർമിക്കാന്‍ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇറാനും അമേരിക്കയും നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ജൂണിൽ ഒപ്പുവെച്ച ഇടക്കാലവ്യാപാരകരാർ വാഷിങ്ടൺ ലംഘിക്കുന്നിടത്തോളം അമേരിക്കയുമായി നേരിട്ട് ചർച്ചയില്ലെന്ന് തന്നെയാണ് ഇറാന്‍റെ നിലപാട്. ഹുർമുസ് കടലിടുക്കനെ സംബന്ധിച്ച കരാർ ചർച്ചകൾ അവസാനഘട്ടത്തിലാണങ്കിലും ജലപാത തുറക്കുന്ന കാര്യത്തിൽ പ്രത്യാശ വേണ്ടെന്നും അബ്ബാസ് അരാഗ്ചി അറിയിച്ചു.
തെഹ്റാന്‍ മുന്നോട്ടുവെച്ച പുതിയ വ്യവസ്ഥകൾ യു.എസ് പാലിക്കുകയാണെങ്കിൽ ഹുർമുസ് തുറക്കുന്നതോടൊപ്പം പുതിയ ജലപാതകൾ ഇറാന്‍ സ്ഥാപിക്കുമെന്നും അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ കൊഖാവ് യാക്കോവ് കുടിയേറ്റ മേഖലയിൽ 627 പുതിയ ഭവന യൂനിറ്റുകൾ നിർമിക്കുന്നതിനായി ഇസ്രായേൽ അധികൃതർ ടെൻഡർ ക്ഷണിച്ചു. ജറുസലേമിനെയും സമീപത്തെ ഫലസ്തീൻ പ്രദേശങ്ങളെയും തമ്മിൽ കൂടുതൽ വേർതിരിക്കാനുള്ള നീക്കമാണിതെന്ന് ഫലസ്തീൻ കോളനൈസേഷൻ ആൻഡ് വാൾ റെസിസ്റ്റൻസ് കമ്മീഷൻ (സി.ആർ.ആർ.സി) ആരോപിച്ചു.
റമല്ല-അൽ ബിറെ ഗവർണറേറ്റിലെ ഭൂമിയിലാണ് നിർമാണം നടക്കുക. നിർമാണ കമ്പനികൾക്ക് നവംബർ 30 വരെ ടെൻഡർ സമർപ്പിക്കാം. പദ്ധതിക്കായി ഇസ്രായേൽ ലാൻഡ് അതോറിറ്റി വ്യാഴാഴ്ച ടെൻഡർ പ്രസിദ്ധീകരിച്ചതായി സി.ആർ.ആർ.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.