ജറൂസലം: ഗസ്സയിലെ യുദ്ധം അവസാനിക്കുമ്പോൾ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ എതിർക്കുമെന്ന് അമേരിക്കയെ അറിയിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസിനെ തകർക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്ത് സമ്പൂർണ വിജയം നേടുന്നതുവരെ ഗസ്സയിൽ യുദ്ധം തുടരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇതിന് നിരവധി മാസങ്ങൾ എടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമ്മർദം മുറുകുകയും ഏറെക്കാലമായി മരവിച്ചുകിടന്ന ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയം അമേരിക്കയും മറ്റ് രാജ്യങ്ങളും വീണ്ടും ഉയർത്തുകയും ചെയ്യുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. അമേരിക്കയും ഇസ്രായേലും കാര്യങ്ങളെ വ്യത്യസ്തമായ രീതിയിലാണ് കാണുന്നതെന്നായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവനയോട് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബിയുടെ പ്രതികരണം. ജോർഡൻ നദിയുടെ പടിഞ്ഞാറുള്ള മുഴുവൻ പ്രദേശത്തും ഇസ്രായേലിന് പൂർണ സുരക്ഷാ നിയന്ത്രണമുണ്ടാകണമെന്ന് നെതന്യാഹു പറഞ്ഞു. ഭാവി ഫലസ്തീൻ രാഷ്ട്രവും ഉൾപ്പെടുന്ന പ്രദേശമാണിത്.
അതിനിടെ, ബെന്യമിൻ നെതന്യാഹു യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് യുദ്ധ മന്ത്രിസഭയിലെ അംഗവും മുൻ സേനാ മേധാവിയുമായ ഗാദി ഐസൻകോട്ട് രംഗത്തെത്തി. ഹമാസുമായി വെടിനിർത്തൽ കരാറുണ്ടാക്കുക മാത്രമാണ് ബന്ദികളെ മുഴുവൻ മോചിപ്പിക്കാനുള്ള ഏക വഴിയെന്ന് അദ്ദേഹം പറഞ്ഞു. കരാറിൽ എത്തുന്നില്ലെങ്കിൽ സമീപകാലത്ത് ബന്ദികളെ ജീവനോടെ പുറത്തുകൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 11ന് ഹിസ്ബുല്ലയെ ആക്രമിക്കുന്നതിന് അരികെ ഇസ്രായേൽ എത്തിയിരുന്നുവെന്നും എന്നാൽ താനും മറ്റൊരു മുൻ സേനാ മേധാവിയായ ബെന്നി ഗ്രാന്റ്സും ചേർന്ന് ഇതിൽനിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയുടെ സൈനിക നടപടികൾക്കും ചെങ്കടലിലെ ഹൂതി ആക്രമണം തടയാനായില്ലെന്ന ഏറ്റുപറച്ചിലുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. എന്നാൽ, ഹൂതികൾക്കെതിരായ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബൈഡന്റെ പ്രതികരണത്തിന് പിന്നാലെ, ചെങ്കടലിൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള കപ്പലിനുനേരെ ഹൂതികൾ വീണ്ടും ആക്രമണം നടത്തി.
എം.വി കെം റേഞ്ചർ എന്ന കപ്പലിനുനേരെ രണ്ട് മിസൈലുകളാണ് തൊടുത്തുവിട്ടത്. നാശനഷ്ടമോ പരിക്കോ ഉണ്ടായിട്ടില്ലെന്ന് പെന്റഗൺ അറിയിച്ചു. ഗസ്സയിൽ ശാശ്വത വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യൂറോപ്യൻ പാർലമെന്റ് വ്യാഴാഴ്ച പാസാക്കി. ഹമാസിനെ ഇല്ലാതാക്കുക, ബന്ദികളെ മുഴുവൻ മോചിപ്പിക്കുക എന്നീ ഉപാധികളോടെയാണ് പ്രമേയം പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.