ആയത്തുല്ലാ ഖാംനഈയെ വധിച്ചാൽ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

തെൽ അവിവ്: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഈയെ വധിച്ചാൽ യുദ്ധം അവസാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു. യു.എസ് ചാനലായ എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയാണ് നെതന്യാഹുവിന്‍റെ പ്രസ്താവന. ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണത്തെ ന്യായീകരിച്ച നെതന്യാഹു, ഖാംനഈയെ 'ആധുനിക ഹിറ്റ്ലർ' എന്നാണ് വിളിച്ചത്.

ഖാംനഈയെ കൊല്ലാനുള്ള പദ്ധതിയെ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തെന്ന റിപ്പോർട്ടുകളെ നെതന്യാഹു നിഷേധിക്കുകയാണുണ്ടായത്. 'അത് (ഖാംനഈ വധം) സംഘർഷം വർധിപ്പിക്കുകയല്ല, അവസാനിപ്പിക്കുകയാണ് ചെയ്യുക' -നെതന്യാഹു പറഞ്ഞു.

ഇറാനാണ് ഇസ്രായേലിനെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത് എന്നാണ് നെതന്യാഹുവിന്‍റെ വാദം. എക്കാലവും യുദ്ധമാണ് ഇറാൻ ആഗ്രഹിക്കുന്നത്. ആണവയുദ്ധത്തിന്‍റെ വക്കിലേക്ക് ഞങ്ങളെ എത്തിക്കുകയാണ്. ഇസ്രായേൽ ഇത് പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. തിന്മയുടെ ശക്തികളെ ചെറുത്തുനിന്നുകൊണ്ട് മാത്രമേ അത് ചെയ്യാൻ കഴിയൂ -നെതന്യാഹു പറഞ്ഞു.

ഇസ്രായേൽ-ഇറാൻ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കയിലാണ് ലോകം. ഇന്നലെ തുടർച്ചയായ നാലാംരാത്രിയിലും ഇരുഭാഗത്തുനിന്നും ആക്രമണമുണ്ടായി. ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ഡിസ്ട്രിക്ട് 3യിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം നടത്തി. ഇറാൻ സ്റ്റേറ്റ് ടി.വി ആസ്ഥാനത്തും ഇസ്രായേൽ ബോംബിട്ടു. നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സ്റ്റേറ്റ് ടിവിയിൽ തൽസമയ വാർത്ത സംപ്രേഷണം നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. വലിയ സ്ഫോടനം നടക്കുന്നതും വാർത്ത അവതാരക ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതിന് സമാനമായി തെൽ അവിവിലെ ജനങ്ങൾക്ക് ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ എത്രയും വേഗം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഇസ്രായേൽ കേന്ദ്രങ്ങളിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തു. 

Tags:    
News Summary - Netanyahu suggests killing Iran's supreme leader Ayatollah Ali Khamenei would end conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.