തെൽ അവീവ്: ഗസ്സയിലെ തെക്കൻ നഗരമായ റഫയിലെ സൈനിക നടപടിക്ക് മുമ്പായി ഫലസ്തീൻ പൗരൻമാർക്ക് സുരക്ഷിതപാതയൊരുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പരാമർശം.
റഫയിലെ ഇസ്രായേൽ സൈനിക നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവന. റഫയിലെ സാധാരാണ പൗരൻമാർക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് നെതന്യാഹു ആവർത്തിക്കുന്നുണ്ടെങ്കിലും 24 ലക്ഷം ജനങ്ങൾ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ച് നെതന്യാഹു ഉത്തരം നൽകുന്നില്ല.
അഭയാർഥികൾ തമ്പടിച്ച ഗസ്സയിലെ റഫയിൽ കൂട്ടക്കൊല തുടങ്ങി ഇസ്രായേൽ സൈന്യം. ശനിയാഴ്ച 28 പേരെ കൊലപ്പെടുത്തി. ഗസ്സയിൽ ജനങ്ങളിൽ പകുതിയും താമസിക്കുന്ന റഫയിൽ ആക്രമണം നടത്തിയാൽ അവർക്ക് പോകാൻ മറ്റൊരു ഇടമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
റഫയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തത്തിൽനിന്ന് അമേരിക്കക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. അതിനിടെ, അൽശിഫ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അബു സാൽമിയയെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായി ഗസ്സ ജോർഡൻ മെഡിക്കൽ സംഘം ആരോപിച്ചു.
അദ്ദേഹത്തിന്റെ കൈ ഒടിച്ചെന്നും കഴുത്തിൽ ചങ്ങല കെട്ടി നായയെപ്പോലെ വലിച്ചിഴച്ചെന്നും കൈകൾ കെട്ടി പാത്രത്തിൽ നായക്ക് ഭക്ഷണം കൊടുക്കുന്നതുപോലെയാണ് നൽകിയതെന്നും അമ്മാനിൽ ഗസ്സ ഹെൽത് സെക്ടർ സമ്മേളനത്തിൽ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ഡോ. ബിലാൽ അസ്സാം പറഞ്ഞു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 28,064 ആയി. 67,611 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസ്രായേൽ വെടിവെപ്പിനിടെ കാണാതായ ആറുവയസ്സുള്ള ഫലസ്തീനി കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.