ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് കൂക്കി വിളി. നെതന്യാഹു പ്രസംഗം ആരംഭിക്കാനൊരുങ്ങിയപ്പോൾ പ്രതിനിധികളിൽ ഭൂരിഭാഗവും കൂക്കിവിളിച്ച് കസേരയിൽ നിന്നെഴുന്നേറ്റ് ഹാളിന് പുറത്തേക്ക് നീങ്ങുകയായിരുന്നു. ഗസ്സയിലെ വംശഹത്യക്ക് എതിരെ നിലപാടെടുത്ത, ദ്വിരാഷ്ട്ര വാദത്തെ അംഗീകരിക്കുകയും ചെയ്യുന്ന 50ലേറെ രാജ്യങ്ങളുടെ പ്രതിനിധികളാണ് നെതന്യാഹുവിന്‍റെ പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. തുടർന്ന് ഒഴിഞ്ഞ കസേരകൾക്ക് മുന്നിലായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസംഗം.
നെതന്യാഹു 80-ാമത് ഐക്യരാഷ്ട്രസഭ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു (photo: Caitlin Ochs/Reuters)
ഗസ്സയിൽ നടത്തുന്ന വംശഹത്യയെ ന്യായീകരിച്ചായിരുന്നു നെതന്യാഹുവിന്‍റെ പ്രസംഗം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും അഭിപ്രായങ്ങൾ തള്ളിയ നെതന്യാഹു, ഇസ്രായേൽ നടത്തുന്നത് സ്വയം പ്രതിരോധം മാത്രമാണെന്ന് അവകാശപ്പെട്ടു. ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനായിട്ടില്ലെന്നും ഹമാസിനെ ഇല്ലാതാക്കുന്നതുവരെ അത് തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ജറൂസലമിന് ഒരു മൈൽ അകലെ ഫലസ്തീൻ രാഷ്ട്രത്തിന് അനുമതി നൽകുന്നത് സെപ്റ്റംബർ 11നുശേഷം ന്യൂയോർക്കിൽ അൽഖാഇദക്ക് ഇടംകൊടുക്കുന്നതുപോലെയാണ് എന്ന് പറഞ്ഞപ്പോൾ, സദസ്സിലുണ്ടായിരുന്ന യു.എസ് പ്രതിനിധി സംഘം എഴുന്നേറ്റുനിന്ന് കൈയടിച്ചു. സർക്കാർ നിർദേശത്തെ തുടർന്ന് ഗസ്സയിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) ട്രക്കുകളിൽ ലൗഡ്സ്പീക്കറുകളിലൂടെ നെതന്യാഹുവിന്റെ പ്രസംഗം കേൾപ്പിച്ചു.
നേരത്തെ, ഇസ്രായേലിനെതിരെ ആഗോളതലത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ നെതന്യാഹു സംസാരിക്കാൻ എഴുന്നേറ്റാൽ കൂട്ടത്തോടെ ഇറങ്ങിപ്പോകണമെന്ന് വിവിധ രാജ്യങ്ങൾക്ക് നൽകിയ കത്തിൽ ഫലസ്തീൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവർഷവും ജനറൽ അസംബ്ലിയിൽ നെതന്യാഹു സംസാരിക്കുന്നതിനിടെ സമാന രീതിയിൽ പ്രതിനിധികൾ ഇറങ്ങിപ്പോയിരുന്നു. ഇത് വൻ ചർച്ചയാകുകയും ഇസ്രായേലിന് നാണക്കേടായി മാറുകയും ചെയ്തിരുന്നു.
യുദ്ധക്കുറ്റങ്ങൾക്ക് അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനാൽ, ഫ്രാൻസ് ഒഴിവാക്കിയാണ് നെതന്യാഹുവിന്‍റെ വിമാനം ന്യൂയോർക്കിലെത്തിയത്. ജൂലൈയിൽ നെതന്യാഹു അമേരിക്കയിലേക്ക് പോയപ്പോൾ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നിട്ടും അന്ന് ഫ്രാൻസിന് മുകളിലൂടെ പറക്കാൻ വിമാനത്തിന് അനുമതി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.