കാഠ്മണ്ഡു: നേപ്പാളിൽ ട്രെക്കിങ് യാത്രക്കിടെ കാണാതായ ഇന്ത്യൻ വിനോദ സഞ്ചാരികളായ രണ്ട് പേരുടെ മൃതദേഹം മഞ്ഞിനടിയിൽ നിന്നും കണ്ടെടുത്തതായി നേപ്പാൾ ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബർ 20ന് കാണാതായ അച്ഛന്റെയും മകളുടെയും മൃതദേഹമാണ് ആഴ്ചകളോളം നീണ്ട് നിന്ന തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. ഗുജറാത്ത് സ്വദേശികളായ ജിഗ്നേഷ് കുമാർ ലല്ലുഭായി പട്ടേൽ (52) മകൾ പ്രിയാൻഷി കുമാരി പട്ടേൽ(17) എന്നിവരാണ് മരിച്ചത്. ഒക്ടോബർ 20നാണ് ഇരുവരെയും കാണാതായത്.
അന്നപൂർണ കൊടുമുടിക്ക് സമീപമുള്ള മലേരിപ മോണാസ്ട്രി സന്ദർശിക്കുന്നതിന് വേണ്ടിയാണ് ഇരുവരും പുറപ്പെട്ടത്. ആശ്രമം സന്ദർശിച്ച ശേഷം അന്ന് തന്നെ തിരിച്ച് വരുമെന്നാണ് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. എന്നാൽ ഹോട്ടലിലേക്ക് തിരികെ എത്താത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആഴ്ചകളോളം നീണ്ട് നിന്ന തിരച്ചിലിനൊടുവിൽ മൊണാസ്ട്രിക്ക് സമീപം 100 മീറ്റർ മുകളിലായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇരുവരുടെയും ശരീരം കനത്ത മഞ്ഞിൽ കുടുങ്ങിയ നിലയിലായിരുന്നു.
ജിഗ്നേഷ് കുമാർ വർഷങ്ങളായി സൂറത്തിലെ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. മകൾ പ്രിയാൻഷി പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ്. സാഹസിക യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ഇരുവരും 2018 മുതൽ നിരവധി ട്രെക്കിങ് യാത്രകളിൽ ഒരുമിച്ച് പങ്കെടുക്കാറുണ്ട് എന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ മാസമുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ നേപ്പാളിൽ നിരവധി പേർ മരണപ്പെടുകയും 1500 ലധികം പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ പ്രതികൂല കാലാവസ്ഥ കാരണം നേപ്പാളിൽ ട്രെക്കിങ്ങിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മോന്ത ചുഴലിക്കാറ്റ് നേപ്പാളിലെത്തുന്നതിന് മുമ്പാണ് ജിഗ്നേഷ് കുമാറിനെയും മകളെയും കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.