നാസർ ആശുപത്രിയിലെ കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 200ഓളം മൃതദേഹങ്ങൾ

ഗസ്സ സിറ്റി: ഗസ്സയിലെ അൽ ശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലും കണ്ടെത്തിയതിന് സമാനമായ കൂട്ടക്കുഴിമാടം ഖാൻ യൂനിസിലും. ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിലാണ് സിവിൽ ഡിഫെൻസും പാരാമെഡിക്കൽ ജീവനക്കാരും നടത്തിയ തിരച്ചിലിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയത്. കുട്ടികൾ, സ്ത്രീകൾ, വയോധികർ എന്നിവരുടെയടക്കം 210 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. 700 ഓളം പേരെ ഇസ്രായേൽ സൈന്യം വധിച്ച് ഇവിടെ അടക്കിയതായി കരുതുന്നതായി ഫലസ്തീൻ എമർജൻസി സർവിസ് അറിയിച്ചു.

ഏപ്രിൽ ഏഴിനാണ് ഇസ്രായേൽ സേന തെക്കൻ നഗരത്തിൽനിന്ന് പിൻവാങ്ങിയത്. മാസങ്ങൾ നീണ്ട ഇസ്രായേൽ ബോംബാക്രമണത്തിനും കരയുദ്ധത്തിനും ശേഷം ഖാൻ യൂനിസ് നഗരത്തിന്‍റെ ഭൂരിഭാഗ പ്രദേശങ്ങളും തകർന്ന് തരിപ്പണമായ നിലയിലാണ്. ഇവിടെ കൊലപ്പെടുത്തിയ നിരപരാധികളെ കൂട്ടമായി അടക്കം ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.

ഇസ്രായേൽ തകർത്ത വടക്കൻ ഗസ്സ‍ മുനമ്പിലെ അൽശിഫ ആശുപത്രിയിലും ബൈത് ലാഹിയയിലും ഏപ്രിൽ 15ന് കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. ഇസ്രായേൽ സൈന്യം വകവരുത്തിയ വയോധികരും സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400ലധികം പേരുടെ മൃതദേഹങ്ങളാണ് കൂട്ടക്കുഴിമാടത്തിൽനിന്ന് ഗസ്സ ആരോഗ്യ മന്ത്രാലയവും സിവിൽ ഡിഫൻസ് ഫോഴ്സും കണ്ടെടുത്തത്. ബൈത് ലാഹിയയിൽനിന്ന് 20 മൃതദേഹങ്ങളും കണ്ടെത്തി.

രണ്ടാഴ്ചയോളം ആശുപത്രിക്കുനേരെ ആക്രമണം നടത്തിയ ഇസ്രായേൽ സൈന്യം ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത് കൂട്ടക്കുഴിമാടം തീർത്ത് മറവ് ചെയ്യുകയായിരുന്നു. ശരീരത്തിൽ മെഡിക്കൽ ബാൻഡേജുകളും കത്തീറ്ററുകളും ഉള്ള നിലയിൽ പൂർണമായി അഴുകാത്ത മൃതദേഹങ്ങൾ അടുത്തിടെ മറവ് ചെയ്തതാണ്.

ഗസ്സയിൽ വീണ്ടും കുരുന്നു കുരുതി

ഗസ്സ സിറ്റി: ഗസ്സയുടെ തെക്ക് 14 ലക്ഷത്തിലേറെ ഫലസ്തീനികൾ ഞെരുങ്ങിക്കഴിയുന്ന റഫയിൽ ഇസ്രായേൽ രണ്ടിടത്ത് നടത്തിയ ബോംബിങ്ങിൽ 18 കുട്ടികളടക്കം 22 മരണം. ഒരിടത്ത് കുടുംബത്തിലെ 17 കുട്ടികളും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടപ്പോൾ രണ്ടാമത്തേതിൽ മൂന്നു വയസ്സുള്ള കുഞ്ഞും മാതാപിതാക്കളുമാണ് കൊല ചെയ്യപ്പെട്ടത്. കരയാക്രമണത്തിന് അവസാനവട്ട ഒരുക്കങ്ങൾക്കിടെയാണ് ഞായറാഴ്ച പുലർച്ച ഇസ്രായേൽ യുദ്ധവിമാനങ്ങൾ റഫയിൽ വീണ്ടും കുരുന്നുകളെയും സ്ത്രീകളെയും ലക്ഷ്യമിട്ടെത്തിയത്.

കഴിഞ്ഞ ദിവസം റഫയിൽ സമാന ആക്രമണത്തിൽ ആറു കുട്ടികളടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 48 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 79 പേർക്ക് പരിക്കേറ്റു. ഇതോടെ മരണസംഖ്യ 34,097 ആയി. പരിക്കേറ്റവർ 76,980ഉം. ആയിരങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലായതിനാൽ മരണസംഖ്യ ഏറെ കൂടുതലാകുമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിൽ ശനിയാഴ്ച ഇസ്രായേൽ സേന നടത്തിയ ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടു. അതിനിടെ, യുക്രെയ്നിനും ഇസ്രായേലിനും തായ്‍വാനും ശതകോടികളുടെ സൈനിക സഹായ പാക്കേജ് യു.എസ് പ്രതിനിധി സഭയിൽ വൻഭൂരിപക്ഷത്തോടെ പാസായി. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിന്റെ അംഗീകാരം കൂടിയായാൽ തുക അടിയന്തരമായി അനുവദിക്കും.

Tags:    
News Summary - Nearly 200 bodies found in mass grave at hospital in Gaza’s Khan Younis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.