'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിനം; ഇനി കാണാൻ പോകുന്നത് നവാസ് ശരീഫിന്റെ ഉയിർത്തെഴുന്നേൽപ് ​'-മറിയം നവാസ്

ഇസ്‍ലാമാബാദ്: നാലുവർഷം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്. ശരീഫിന്റെ പുനഃരാഗമനത്തിൽ പാർട്ടി അണികൾക്കൊപ്പം തന്നെ അതിയായി സന്തോഷിക്കുകയാണ് കുടുംബവും. ജീവിതത്തിലെ ഏറ്റവും വലിയ ദിവസം എന്നാണ് ശരീഫിന്റെ മടങ്ങിവരവിനെ കുറിച്ച് മകൾ മറിയം നവാസ് പ്രതികരിച്ചത്. രാഷ്ട്രീയജീവിതത്തിൽ ശരീഫ് സജീവമാകുമെന്ന് ഒരിക്കൽ മറിയം പറഞ്ഞിരുന്നു. അത് സംഭവിക്കാൻ പോവുകയാണെന്നും അവർ പറഞ്ഞു.

''കഴിഞ്ഞ 24 വർഷമായി നവാസ് ശരീഫ് അനുഭവിച്ച വേദനകളും കഷ്ടപ്പാടുകളും താരതമ്യപ്പെടുത്താനാവില്ല. ഒരിക്കലും ഉണങ്ങാത്ത ചില മുറിവുകളുണ്ട്. എന്നാൽ അദ്ദേഹം എത്ര തവണ ഉയിർത്തെഴുന്നേറ്റു എന്നത് മറ്റാരുമായും താരതമ്യപ്പെടുത്താനുമാകില്ല. പാകിസ്താൻ നവാസ് ശരീഫിന്റെ മറ്റൊരു ഉയിർത്തെഴുന്നേൽപിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ജന്മനാട്ടിലേക്ക് സ്വാഗതം.''-എന്നാണ് മറിയം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്്.

നാലുവർഷമായി ലണ്ടനിലായിരുന്നു ശരീഫിന്റെ പ്രവാസ ജീവിതം. അഴിമതിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കവെയായിരുന്നു പ്രത്യേക കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശരീഫ് ചികിത്സക്കായി ലണ്ടനിലേക്ക് പോയത്. എന്നാൽ പിന്നീട് അദ്ദേഹം മടങ്ങിയെത്തുകയുണ്ടായില്ല. പ്രത്യേക വിമാനത്തിലാണ് 73 കാരനായ ശരീഫ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ജനുവരിയിലാണ് പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതുന്നത്. ദുബൈയിൽ നിന്നാണ് പ്രത്യേക വിമാനത്തിൽ ശരീഫ് ഇസ്‍ലാമാബാദിൽ ഇറങ്ങിയത്. മടങ്ങിയെത്തിയ ഉടൻ അദ്ദേഹം ലാഹോറിൽ നടക്കുന്ന രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യും.

ചൗധരി പഞ്ചസാര മിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2019 ആഗസ്റ്റ് എട്ടിനാണ് മറിയം നവാസിനെ അറസ്റ്റ് ചെയ്തത്. ജയിലിൽ കഴിയുന്ന പിതാവിനെ കാണാൻ ലാഹോറിലെ കോട് ലഖ്പത് ജയി​ലിലെത്തിയപ്പോഴായിരുന്നു അത്. പാനമ​ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ ഏഴു വർഷം തടവിനാണ് നവാസ് ശരീഫിനെ ശിക്ഷിച്ചത്.

2019 നവംബറിൽ മറിയം നവാസിന് ലാഹോർ ഹൈകോടതി ജാമ്യം അനുവദിച്ചു. 2023ൽ അവർ പാകിസ്താൻ മുസ്‍ലിം ലീഗ്(എൻ)സീനിയർ വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ടു.

Tags:    
News Summary - Nawaz Sharif's daughter on his return to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.