ബാങ്കോക്ക്: മ്യാൻമറിൽ പട്ടാളഭരണകൂടം തടവിലാക്കിയ ഓങ്സാൻ സൂചിയെ ജയിലിൽനിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി ദേശീയ മാധ്യമത്തിലൂടെയാണ് വിവരം പുറത്തുവിട്ടത്. 80 വയസ്സുകാരിയായ സൂചി പരമ്പരാഗത വസ്ത്രമായ വെളുത്ത ബൗസും പാവാടയും ധരിച്ച് ഒരു മരബെഞ്ചിൽ ഇരിക്കുന്ന ചിത്രവും അതോടൊപ്പമുണ്ടായിരുന്നു. അവരുടെ സമീപത്തായി യൂണിഫോം ധാരികളായ രണ്ടുപേരെയും കാണാം.
ബുദ്ധമത അവധി ദിനവുമായി ബന്ധപ്പെട്ട തടവുകാർക്ക് മാപ്പ് നൽകുന്നതിന്റെ ഭാഗമായാണ് മ്യാൻമർ ഭരണകൂടം സൂചിയുടെ ജയിൽ ശിക്ഷ കുറച്ചതെന്ന് നിയമ ഉദ്യോഗസ്ഥരും മാധ്യമ റിപ്പോർട്ടുകളും പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ നൽകുന്ന രണ്ടാമത്തെ പൊതുമാപ്പാണിത്. ഏപ്രിൽ 17ന് 4,500ലധികം തടവുകാർക്ക് പൊതുമാപ്പ് നൽകിയിരുന്നു.
സൂചിയുടെ ശിക്ഷാകാലാവധി ആറിലൊന്നായി കുറക്കുമെന്ന് പേര് വെളിപ്പെടുത്താത്ത രണ്ട് നിയമവിദഗ്ധർ പറഞ്ഞു. എന്നാൽ, ശേഷിക്കുന്ന ശിക്ഷാകാലാവധി എത്രയാണെന്ന് വ്യക്തമല്ല. ഏപ്രിൽ 10ന് സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വരുന്ന പൊതുമാപ്പാണിത്. സാമൂഹിക അനുരഞ്ജനം, നീതി, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് തന്റെ സർക്കാർ പൊതുമാപ്പുകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
2021 ഫെബ്രുവരി ഒന്നിന് സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് ഓങ്സാൻ സൂചി അറസ്റ്റിലാകുന്നത്. 2022 അവസാനത്തോടെ ഇവർക്കെതിരെ 33 വർഷം തടവ് ശിക്ഷ വിധിച്ചു. നിരവധി കുറ്റങ്ങൾ ചുമത്തിയായിരുന്നു ശിക്ഷ വിധിച്ചത്. സൂചിയെ അധികാരത്തിൽ നിന്ന് പുറത്താക്കി, സൈനിക ഏറ്റെടുക്കലിനെ നിയമവിധേയമാക്കാനും സൂചിയുടെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് തടയാനും ശ്രമിച്ചതായി സൂചിയുടെ പാർട്ടി ആരോപിച്ചിരുന്നു.
2023 ആഗസ്റ്റിൽ അവരുടെ ശിക്ഷ 27 വർഷമായി കുറച്ചു. തുടർന്ന് ഏപ്രിൽ 17ന് നാല് വർഷത്തിലധികം കുറച്ചിരുന്നു. നായ്പിഡാവിലെ ഒരു അജ്ഞാത സ്ഥലത്താണ് സൂചി ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ദയാ അപേക്ഷയുടെ ഭാഗമായി സൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സർക്കാരിൽനിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.