ഐക്യരാഷ്ട്ര സഭ നടത്തുന്ന സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ കളിക്കുന്ന കുട്ടികൾ (ഫോട്ടോ: unrwa.org)

‘ഒരേ ഖബറിലാണ് എന്റെ രണ്ട് കുഞ്ഞുങ്ങൾ, അവരുടെ മരണം ഭാര്യയെ ഇതുവരെ അറിയിച്ചിട്ടില്ല’

ഗസ്സ: സെൻട്രൽ ഗസ്സയിൽ ഐക്യരാഷ്ട്ര സഭ നടത്തുന്ന നുസൈറത്ത് അഭയാർഥി ക്യാമ്പിലെ വീട്ടിലാണ് മൂസ ആസ്മി(34)യും കുടുംബവും താമസിച്ചിരുന്നത്. ഉമ്മ, ഉപ്പ, സഹോദരങ്ങൾ, ഭാര്യ, മൂന്ന് മക്കൾ അടങ്ങുന്നതായിരുന്നു കുടുംബം. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിൽ അവരുടെ സ്വപ്നങ്ങളെല്ലാം തകർന്നു. മൂസ ആസ്മിയുടെ രണ്ട് മക്കളും മാതാപിതാക്കളും സഹോദരങ്ങളും കൊല്ലപ്പെട്ടു. ബാക്കിയായത് ഭാര്യയും 7 വയസ്സുള്ള മകൻ അസ്മിയും മാത്രം.

“എന്റെ 5 വയസ്സുള്ള മകൾ നദയെയും 2 വയസ്സുള്ള മകൻ മുസ്തഫയെയും എനിക്ക് നഷ്ടപ്പെട്ടു. മാതാപിതാക്കളും സഹോദരങ്ങളും കൊല്ലപ്പെട്ടു. ഇനി എനിക്ക് 7 വയസ്സുള്ള മകൻ അസ്മി മാത്രമേ ബാക്കിയുള്ളൂ, അവൻ ഒരാഴ്ചയിലേറെയായി അൽ-അഖ്‌സ രക്തസാക്ഷി ആശുപത്രിയിൽ ചികിത്സയിലാണ്. ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ മോന്റെ ഇരുകാലുകളും പൊട്ടി. കാലുകളിൽ സ്റ്റീൽ ഇട്ടിരിക്കുകയാണ്. എന്റെ ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു. അവളുടെ ഒരു കാൽ മുറിച്ചുമാറ്റി. ഗുരുതരമായി പൊള്ളലേറ്റ അവൾ ഇപ്പോഴും ആശുപത്രിയിലാണ്. നദയും മുസ്തഫയും മരിച്ച വിവരം എന്റെ ഭാര്യയെയും മകനെയും ഇതുവരെ അറിയിച്ചിട്ടില്ല. കാരണം, അവർ ഇപ്പോൾ ശാരീരികമായി ഏറെ വിഷമതകൾ അനുഭവിക്കുകയാണ്. അതോടൊപ്പം മാനസികമായി തളരരുത്” -മൂസ ഫലസ്തീൻ ക്രോണിക്കിളിനോട് പറഞ്ഞു.

“ഹൃദയം പിളരുന്ന വേദനയിലാണ് ഞാൻ. എന്റെ രണ്ട് കുഞ്ഞുങ്ങൾ ഒരാഴ്ചയായി ഖബറിലാണ്. അവരെ അവരുടെ മുത്തച്ഛനോടൊപ്പം ഒരേ ഖബറിലാണ് അടക്കം ചെയ്തത്’ -മൂസ വിതുമ്പലടക്കി കൊണ്ടുപറഞ്ഞു.

Tags:    
News Summary - ‘My Wife Does Not Know that Our Children are Dead’: Gaza Speaks to the World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.