കാരാക്കാസ്: വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളസ് മദൂറോയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ യു.എസ് നടപടിക്കെതിരെ മദൂറോയുടെ മകന്‍ നിക്കോളസ് മദൂറോ ഗുവേര. തന്റെ പിതാവിനെ തട്ടികൊണ്ടു പോയതാണെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം വേണമെന്നും വെനസ്വേലന്‍ ദേശീയ അസംബ്ലിയില്‍ മദൂറോ ഗുവേര ആവശ്യപ്പെട്ടു.
യു.എസിന്റെ നടപടി വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇത് മറ്റ് രാജ്യങ്ങളിലും സംഭവിച്ചേക്കാമെന്നും ഗുവേര മുന്നറിയിപ്പ് നല്‍കി. മദൂറോയും ഭാര്യ സിലിയ ഫ്ലോറസും യു.എസ് സൈനിക നടപടിയിൽ പുറത്താക്കപ്പെട്ടതിന് രണ്ട് ദിവസത്തിനു ശേഷം നടന്ന വെനസ്വേലയുടെ ദേശീയ അസംബ്ലിയുടെ ഒരു സെഷനിലാണ് മദൂറോ ഗുവേര ഈ പരാമർശം നടത്തിയത്. ‘ഒരു രാഷ്ട്രത്തലവനെ തട്ടികൊണ്ട് പോവുന്നതൊരു സാധാരണ കാര്യമാക്കിയാല്‍ ഒരു രാജ്യവും സുരക്ഷിതമാവില്ല. ഇതൊരു പ്രാദേശിക പ്രശ്നമല്ല. ആഗോള സ്ഥിരതക്കും മാനവികതക്കും രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും നേരെയുള്ള ഭീഷണിയാണ്’ -അദ്ദേഹം പറഞ്ഞു.
‘ലോകജനങ്ങളേ, ഞാൻ നിങ്ങളോട് പറയുന്നു. നിക്കോളാസിനോടും സിലിയയോടും വെനിസ്വേലയോടും ഉള്ള അന്താരാഷ്ട്ര ഐക്യദാർഢ്യം ധാർമികവും നിയമപരവുമായ കടമയാണ്. ഈ ലംഘനങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നത് നിശബ്ദത പാലിക്കുന്നവരെ ബാധിക്കുകയും എല്ലാവരും പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന അന്താരാഷ്ട്ര വ്യവസ്ഥയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും മദൂറോ ഗുവേര കൂട്ടിച്ചേർത്തു.
എന്നാല്‍, താന്‍ ഇപ്പോഴും വെനസ്വേലന്‍ പ്രസിഡന്റാണെന്നായിരുന്നു വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളസ് മദൂറോയുടെ വാദം. ബന്ദിയാക്കിയതിന് പിന്നാലെ ന്യൂയോര്‍ക്കില്‍ ആദ്യമായി കോടതിയില്‍ ഹാജറാക്കിയപ്പോഴായിരുന്നു മദൂറോയുടെ പ്രതികരണം. താന്‍ നിരപരാധിയാണെന്നും അമേരിക്ക തട്ടികൊണ്ടു വന്നതാണെന്നും അദ്ദേഹം കോടതി മുറിയില്‍ പ്രതികരിച്ചതായി എ.പി റിപ്പോര്‍ട്ട് ചെയ്തു. ‘ഞാന്‍ മാന്യനായ വ്യക്തിയാണ് എന്റെ രാജ്യത്തിന്റെ ഭരണഘടനാപരമായ പ്രസിഡന്റ് മദൂറോ പറഞ്ഞു. മദൂറോയുടെ പങ്കാളിയും തങ്ങള്‍ക്കെതിരായ കുറ്റാരോപണങ്ങള്‍ തള്ളിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.