വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യു.എസ് കോൺഗ്രസിലെ ഡെമോക്രാറ്റുകൾ പുറത്തിറക്കിയ പുതിയ ഫയലുകളിൽ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെയും ആൻഡ്രൂ രാജകുമാരന്റെയും ബിൽഗേറ്റ്സിന്റെയും പേരുകൾ ഉൾപ്പെട്ടതായി റിപ്പോർട്ട്.
ഡെമോക്രാറ്റിക് നിയമനിർമാതാക്കൾ പുറത്തിറക്കിയ ആറു പേജുള്ള രേഖയുടെ പുതിയ ബാച്ചിൽ, 2014 ഡിസംബർ 6ന് ടെസ്‌ല സി.ഇ.ഒ അമേരിക്കയിലെ വിർജിൻ ദ്വീപുകളിലെ എപ്‌സ്റ്റീന്റെ എസ്റ്റേറ്റിലേക്ക് നടത്തിയ താൽക്കാലിക യാത്രയുടെ പദ്ധതി കാണിക്കുന്നു. അവിടെവെച്ച് എപ്‌സ്റ്റീൻ തങ്ങളെ ദുരുപയോഗം ചെയ്തുവെന്ന് നിരവധി സ്ത്രീകൾ വെളിപ്പെടുത്തിയിരുന്നു. എപ്‌സ്റ്റീൻ തന്നെ ദ്വീപിലേക്ക് ക്ഷണിച്ചതായി മസ്‌ക് പറഞ്ഞതായി മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും പിന്നീടത് നിഷേധിച്ചിരുന്നു.
പുതിയ രേഖയിൽ ഫോൺ സന്ദേശ ലോഗുകൾ, വിമാന ലോഗുകളുടെയും മാനിഫെസ്റ്റുകളുടെയും പകർപ്പുകൾ, സാമ്പത്തിക ഇടപാടുകളുടെ പകർപ്പുകൾ, എപ്സ്റ്റീന്റെ ദൈനംദിന ഷെഡ്യൂൾ എന്നിവ ഉൾപ്പെടുന്നു.
2000 മെയ് മാസത്തിൽ ന്യൂജേഴ്‌സിയിൽ നിന്ന് ഫ്ലോറിഡയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരിൽ ബ്രിട്ടനിലെ യോർക്ക് ഡ്യൂക്കായ ആൻഡ്രൂ രാജകുമാരന്റെയും പേര് പരാമർശിക്കുന്നു. 2000 മെയ് 12ന് ന്യൂജേഴ്‌സിയിലെ ടെറ്റർബോറോയിൽ നിന്ന് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് ആൻഡ്രൂ രാജകുമാരൻ എപ്‌സ്റ്റീനും കൂട്ടാളിയായ ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനുമൊപ്പം ഒരു വിമാനത്തിൽ സഞ്ചരിച്ചതായി ഒരു ഫ്ലൈറ്റ് മാനിഫെസ്റ്റ് രേഖപ്പെടുത്തുന്നു. പെൺകുട്ടികളെ ലൈംഗികമായി കടത്താൻ എപ്‌സ്റ്റീനുമായി ഗൂഢാലോചന നടത്തിയതിന് 2021 ൽ മാക്‌സ്‌വെൽ ശിക്ഷിക്കപ്പെട്ടു.
2000 ഫെബ്രുവരിയിലും മെയ് മാസത്തിലും എപ്സ്റ്റീൻ ആൻഡ്രൂവിന് വേണ്ടി മസാജുകൾക്കായി രണ്ട് തവണ പണം നൽകിയതായി ഒരു ലെഡ്ജറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതായി പുറത്തിറക്കിയ രേഖയിൽ രേഖപ്പെടുത്തിയ തീയതികളുടെ സമയത്ത് ആൻഡ്രൂ രാജകുമാരൻ യു.എസിലേക്ക് യാത്ര ചെയ്തതായി കൊട്ടാരം രേഖകളും ഫോട്ടോഗ്രാഫുകളും പത്രക്കുറിപ്പുകളും സൂചിപ്പിക്കുന്നുണ്ടെങ്കിലും ലെഡ്ജറിൽ പരാമർശിച്ചിരിക്കുന്ന ‘ആൻഡ്രൂ’ ആരാണെന്ന് വ്യക്തമല്ല.
2000 മെയ് 11ന്, ബക്കിങ്ഹാം കൊട്ടാരം അതിന്റെ വെബ്‌സൈറ്റിൽ ‘നാഷനൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ചിൽഡ്രനു’വേണ്ടി ഒരു പരിപാടിയിൽ പങ്കെടുക്കാൻ ആൻഡ്രൂ രാജകുമാരൻ ന്യൂയോർക്കിലേക്ക് പറന്നതായി കാണിക്കുന്നു. മെയ് 15 ന് ആൻഡ്രൂ യു.കെയിലേക്ക് മടങ്ങിയതായി പിന്നീടുള്ള എൻട്രിയിലും പറയുന്നു.
2014 ഡിസംബറിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സുമായി ഒരു പ്രഭാതഭക്ഷണ പാർട്ടി നടത്താനുള്ള എപ്സ്റ്റീന്റെ താൽക്കാലിക പദ്ധതിയും ഫയലുകളിൽ പരാമർശിക്കുന്നുണ്ട്. 2022ൽ എപ്‌സ്റ്റീനെ കണ്ടുമുട്ടിയത് ഒരു ‘തെറ്റ്’ ആയിരുന്നെന്ന് ഗേറ്റ്‌സ് സമ്മതിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
മസ്‌കിനും ആൻഡ്രൂ രാജകുമാരനും ബിൽഗേറ്റ്സിനും പുറമേ, പരസ്യമായി പുറത്തിറക്കിയ ഫയലുകളിൽ ഇന്റർനെറ്റ് സംരംഭകനായ പീറ്റർ തീൽ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ ഉപദേഷ്ടാവ് സ്റ്റീവ് ബാനൺ എന്നിവരുൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകളും ഉൾപ്പെടുന്നു.
ലൈംഗിക കടത്ത് കുറ്റത്തിന് വിചാരണ കാത്തിരിക്കുന്നതിനിടെ 2019 ആഗസ്റ്റിൽ ന്യൂയോർക്ക് ജയിലിന്റെ സെല്ലിൽ എപ്‌സ്റ്റീൻ ആത്മഹത്യ ചെയ്തു. 2008ൽ, 14 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ ഫ്ലോറിഡയിലെ പൊലീസിനോട് എപ്‌സ്റ്റീൻ പാം ബീച്ചിലെ സ്വന്തം വീട്ടിൽ വെച്ച് മകളെ പീഡിപ്പിച്ചതായി പരാതി നൽകിയിരുന്നു. ശേഷം പ്രോസിക്യൂട്ടർമാർക്കുമുന്നിൽ എപ്സ്റ്റീൻ കുറ്റസമ്മത കരാറിൽ എത്തി. ലൈംഗികക്കടത്ത് കുറ്റത്തിന് 2019 ജൂലൈയിൽ എപ്സ്റ്റീനെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തുടർനണ് ആത്മഹത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.