വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റുമായി അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകുന്നതിനിടെ ട്രംപിന്റെ ബില്ലിനെ വിമർശിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. വെറുപ്പുളവാക്കുന്നതാണ് ട്രംപ് സർക്കാർ അവതരിപ്പിച്ച ബിഗ് ബ്യൂട്ടിഫുൾ ബില്ലെന്ന് മസ്ക് പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള തുക വർധിപ്പിക്കാനും പ്രാദേശിക നികുതി ഇളവുകൾ നൽകാനും ലക്ഷ്യമിടുന്ന ബില്ലാണ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം കൊണ്ടു വന്നത്.
ക്ഷമിക്കണം ഇനിയുമിത് സഹിക്കാനാവില്ല. വെറുപ്പുളവാക്കുന്ന വൃത്തികേടാണിത്. ഇതിന് വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുകയാണെന്നും ഇലോൺ മസ്ക് പറഞ്ഞു. മസ്കിന്റെ പ്രതികരണത്തിന് പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. ഈ ബില്ലിൽ മസ്ക് എവിടെയാണ് നിൽക്കുന്നതെന്ന് പ്രസിഡന്റിനറിയാം. അത് പ്രസിഡന്‍റിന്‍റെ അഭിപ്രായത്തിൽ മാറ്റംവരുത്താൻ പോകുന്നില്ല. ഇത് വലിയൊരു ബില്ലാണ്, മനോഹരമായതും. പ്രസിഡന്റ് അതിൽ ഉറച്ചുനിൽക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് പറഞ്ഞു.
ഫെഡറൽ ഗവൺമെന്റിന്റെ ചെലവ് ചുരുക്കുന്നതിനായി നിയോഗിച്ച ഡോജ് വകുപ്പിൽ നിന്ന് മസ്ക് പടിയിറങ്ങിയിരുന്നു. ഡോജിന്റെ നേതൃത്വം തന്നെ ഏൽപ്പിച്ച ട്രംപിനോട് മസ്ക് നന്ദി പറഞ്ഞു. എക്സിലൂടെയാണ് യു.എസ് ഭരണകൂടത്തിൽ നിന്ന് പടിയിറങ്ങുന്ന വിവരം ട്രംപ് അറിയിച്ചത്.
പ്രത്യേക സർക്കാർ ജീവനക്കാരനായാണ് മസ്കിനെ നിയമിച്ചിരുന്നത്. വർഷത്തിൽ 130 ദിവസം ജോലി ചെയ്യാനാണ് മസ്കിന് അനുമതിയുണ്ടായിരുന്നത്. ജനുവരിയിലാണ് മസ്ക് ചുമലയേറ്റെടുക്കുന്നത്. മെയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്.
യു.എസ് ഭരണത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ തന്നെ ഈ ബില്ലിനെതിരെ മസ്ക് വിമർശനം ഉന്നയിച്ചിരുന്നു. ബില്ലിൻമേലുള്ള വിമർശനമാണ് മസ്കിന് വൈറ്റ് ഹൗസിന് പുറത്തേക്കുള്ള വഴി തുറന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലിൽ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.