ലണ്ടൻ: ശനിയാഴ്ച വൈകീട്ട് ലണ്ടനിലേക്ക് പോകുന്ന ട്രെയിനിൽ കത്തിക്കുത്ത് ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എത്ര പേർക്ക് പരിക്കേറ്റു എന്നതിന് കൃത്യതയില്ല. 10 പേർക്ക് പരിക്കേറ്റു എന്നാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിലുണ്ടായിരുന്നവരെ ബസുകളിലേക്ക് മാറ്റി.
ഡോൺ കാസ്റ്ററിൽനിന്ന് കിങ്സ് ക്രോസിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിൽ വലിയ കത്തിയുമായി ഒരാളെ കണ്ടതായി ദൃക്സാക്ഷി വിവരിച്ചു. അക്രമിയെ ഭയന്ന് ആളുകൾ ശുചിമുറിയിലടക്കം അഭയം തേടുകയായിരുന്നുവെന്നും അയാൾ പറഞ്ഞു. ചില യാത്രക്കാർ ഓടിരക്ഷപ്പെടാനും ശ്രമിച്ചു.
ട്രെയിൻ നിർത്തിയതിനുശേഷം പ്ലാറ്റ്‌ഫോമിൽ വലിയ കത്തിയുമായി ഒരാൾ നിൽക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ സ്കൈ ന്യൂസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് അയാളെ പിടികൂടുകയും ചെയ്തു. സംഭവം ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശം പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.രണ്ടുപേരെ കസ്റ്റഡിയിലെടുത്ത കാര്യം ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിക്കുത്തിനെ കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.