മുഹമ്മദ് യൂനുസ് ക്രിമിനൽ തലവൻ: 450 പൊലീസ് സ്റ്റേഷനുകൾക്ക് തീയിട്ടതായി ശൈഖ് ഹസീന

ധാക്ക: ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് ക്രിമിനൽ തലവനാണെന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. 2024ലെ പ്രക്ഷോഭ സമയത്ത് 450 പൊലീസ് സ്റ്റേഷനുകൾക്ക് അദ്ദേഹവും അനുയായികളും തീയിട്ടതായും അവർ ആരോപിച്ചു. നിലവിൽ ഇന്ത്യയിൽ പ്രവാസിയായി കഴിയുന്ന ശൈഖ് ഹസീന കലാപ സമയത്ത് കൊല്ല​പ്പെട്ട നാലു പൊലീസുകാരുടെ വിധവകളുമായി സൂമിൽ സംസാരിക്കുമ്പോഴാണ് മുഹമ്മദ് യൂനുസിനെ ക്രിമിനൽ തലവനെന്നു വിശേഷിപ്പിച്ചത്.

പൊലീസുകാരുടെ നഷ്ടത്തിൽ അനുശോചിച്ച ശൈഖ് ഹസീന താൻ തിരിച്ചെത്തിയാൽ കുടുംബത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്തു. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള അദ്ദേഹത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൊലപാതകങ്ങൾ. തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും പറഞ്ഞു. മുഹമ്മദ് യൂനുസ് രാജ്യത്ത് തീവ്രവാദികളെ അഴിച്ചുവിടുകയും അധർമം വളർത്തുകയും ചെയ്യുന്നുവെന്നും ശെഖ് ഹസീന പറഞ്ഞു.

2024 ആഗസ്റ്റ് അഞ്ചിന് വിദ്യാർഥി പ്രക്ഷോഭത്തിൽ ശൈഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ അട്ടിമറിക്കപ്പെട്ടതിനെത്തുടർന്ന് അവർ ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു. എല്ലാ അന്വേഷണ കമ്മിറ്റികളെയും മുഹമ്മദ് യൂനുസ് പിരിച്ചുവിട്ടതായി ആരോപിച്ച ശൈഖ് ഹസീന ഇടക്കാല സർക്കാർ ജനങ്ങളെ കശാപ്പ് ചെയ്യാൻ ഭീകരരെ അഴിച്ചുവിട്ടിരിക്കുന്നതായും ആരോപിച്ചു.

ഈ കൊലപാതകങ്ങൾക്ക് കാരണക്കാരായ മുഹമ്മദ് യൂനുസിനെയും മറ്റുള്ളവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു. അതിനിടെ, ശൈഖ് ഹസീനയെ നേരിട്ട് വിചാരണ ചെയ്യുന്നതിനായി അവരെ തങ്ങൾക്ക് കൈമാറാനുള്ള ശ്രമങ്ങൾ തുടരുമെന്ന് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം പറഞ്ഞു.

ശൈഖ് ഹസീനയുടെ ഭരണകൂടം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Muhammad Yunus criminal leader: Sheikh Hasina said that 450 police stations were set on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.