ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അനധികൃത ജൂത കുടിയേറ്റം വ്യാപിപ്പിക്കാൻ ഇസ്രായേൽ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. ജൂത കുടിയേറ്റക്കാർക്ക് 1000ത്തോളം പുതിയ വീടുകൾ നിർമിക്കാനാണ് ശ്രമം നടക്കുന്നത്. ദ്വിരാഷ്ട്ര വാദം ഉയർത്തുന്ന ഇസ്രായേലിലെ പീസ് നൗ ഏജൻസിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഇഫ്രാത് കുടിയേറ്റ ജനസംഖ്യ 40 ശതമാനം വർധിപ്പിക്കാനും ഫലസ്തീൻ നഗരമായ ബത്ലഹേമിന്റെ വികസനം തടയാനും ലക്ഷ്യമിട്ടാണ് പദ്ധതി. കരാർ നൽകുകയും അനുമതി നൽകുകയും ചെയ്യുന്നതോടെ വീടുകളുടെ നിർമാണത്തിന് തുടക്കമാകുമെന്ന് പീസ് നൗ ഏജൻസിയുടെ കുടിയേറ്റ പ്രവർത്തനം നിരീക്ഷിക്കുന്ന സംഘത്തിന്റെ തലവനായ ഹഗിത് ഒഫ്റാൻ പറഞ്ഞു.
എന്നാൽ, കരാർ നൽകുന്നതിനും പെർമിറ്റ് അനുവദിക്കുന്നതിനും ഒരു വർഷത്തോളമെടുക്കുമെന്നാണ് സൂചന. ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേൽ ജനത ആഗ്രഹിക്കുമ്പോൾ സമാധാനവും വിട്ടുവീഴ്ചക്കുള്ള അവസരവും ഇല്ലാതാക്കുന്ന നീക്കമാണ് നെതന്യാഹു സർക്കാർ നടത്തുന്നതെന്ന് പീസ് നൗ ആരോപിച്ചു.
വെസ്റ്റ് ബാങ്കിൽ ഇതിനകം 100ലേറെ കുടിയേറ്റ മേഖലകൾ ഇസ്രായേൽ നിർമിച്ചിട്ടുണ്ട്. ചെറിയ ടൗണുകളും ഭവന സമുച്ചയങ്ങളും ഷോപ്പിങ് മാളുകളും പാർക്കുകളും ഉൾപ്പെടുന്നതാണ് ഇസ്രായേൽ കുടിയേറ്റ മേഖലകൾ. 30 ലക്ഷത്തോളം ഫലസ്തീനികൾ കഴിയുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ അഞ്ച് ലക്ഷത്തിലേറെ ജൂത കുടിയേറ്റക്കാരുണ്ട്.
ഇവർക്കെല്ലാം ഇസ്രായേൽ പൗരത്വമുണ്ട്. ഫലസ്തീനികളോട് ഇസ്രായേൽ വിവേചനം കാണിക്കുന്നെന്ന് നിരവധി മനുഷ്യാവകാശ ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.