ഖത്തറിൽ ആക്രമണം നടത്താൻ മൊസാദ് വിസമ്മതിച്ചു; ലക്ഷ്യംനേടാനാവാതെ സമ്പൂർണ പരാജയമായി നെതന്യാഹുവിന്റെ ഓപ്പറേഷൻ

തെൽ അവീവ്: ഖത്തറിൽ ആക്രമണം നടത്താൻ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് വിസമ്മതിച്ചുവെന്ന് റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ബന്ദികളുടെ മോചനത്തേയും ഖത്തറുമായുള്ള ബന്ധത്തേയും ബാധിക്കുമെന്നതിനാലാണ് ആക്രമണത്തിൽ മൊസാദ് എതിർപ്പറിയിച്ചത്. മൊസാദ് മേധാവി ഡേവിഡ് ബരേന വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തറിൽവെച്ച് ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. ഖത്തറിൽ കരയാക്രമണം നടത്താനും മൊസാദ് വിസമ്മതിച്ചു.

അതേസമയം, നെതന്യാഹുവിന്റെ ആശീർവാദത്തോടെ നടപ്പാക്കിയ ഖത്തർ ആക്രമണം സമ്പൂർണ പരാജയമായിരുന്നുവെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

ഹമാസിന്റെ ഉന്നതനേതൃത്വത്തിലുള്ള ഒരാളേയും വകവരുത്താൻ ആക്രമണം കൊണ്ട് സാധിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ​ഐ.ഡി.എഫ് മേധാവി ഇയാൽ സാമിർ, മൊസാദ് തലവൻ ഡേവിഡ് ബരേന, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് താച്ചി ഹനേഗ്ബി എന്നിവരെല്ലാം ആക്രമണം വേണ്ടെന്ന നിലപാടുകാരായിരുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധമന്ത്രി കാറ്റ്സ്, സ്ട്രാറ്റജിക് അഫയേഴ്സ് മിനിസ്റ്റർ റോൺ ഡെർമർ എന്നിവരാണ് ആക്രമണത്തെ അനുകൂലിച്ചത്. ഇവരുടെ ആശീർവാദപ്രകാരമായിരുന്നു ആക്രമണം.

ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കൾ തങ്ങിയ കെട്ടിടത്തിൽ 12 തവണയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. മുൻനിര നേതാക്കൾ രക്ഷപ്പെട്ട ആക്രമണത്തിൽ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തർ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നിരവധി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ഖത്തറിന്റെ സുരക്ഷക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തർ കുറ്റപ്പെടുത്തിയിരുന്നു.

ഗസ്സ വെടിനിർത്തൽ ചർച്ചകളുടെ മധ്യസ്ഥ ദൗത്യങ്ങൾ അവസാനിപ്പിക്കില്ലെന്നും ഖത്തർ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്‍യാൻ ദോഹയിലെത്തി.

Tags:    
News Summary - Mossad said to have refused to carry out ground op to kill Hamas leaders in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.