തെഹ്റാൻ: നിങ്ങളുടെ മക്കൾ ട്രംപിനൊപ്പമാവുന്നതാണ് ഇറാൻ കസ്റ്റഡിയിലാവുന്നതിനെക്കാൾ കൂടുതൽ അപകടകരമെന്ന് യു.എസ് യുദ്ധവിമാന പൈലറ്റിന്‍റെ മാതാവിനോട് പാകിസ്താനിലെ ഇറാൻ എംബസി. യു.എസിന്‍റെ എഫ്-15ഇ യുദ്ധവിമാനം തകർന്ന് കാണാതായ വ്യോമസേനാ പൈലറ്റിനെ കണ്ടെത്താനുള്ള തിരച്ചിൽതുടരുന്നതിനിടെ, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർഥിക്കണമെന്ന് അഭ്യർഥിച്ച് മറ്റൊരു യുദ്ധവിമാന പൈലറ്റിന്‍റെ മാതാവ് എക്സിൽ കുറിച്ച പേസ്റ്റിന് മറുപടി പറയുകയായിരുന്നു ഇറാൻ എംബസി. നിങ്ങളുടെ ആൺകുട്ടികൾ ട്രംപിനൊപ്പമാവുന്നത് ഇറാനിന്‍റെ പിടിലാവുന്നതിനെക്കാൾ കൂടുതൽ അപകടമാണെന്ന് ഉറപ്പാക്കുക. യു.എസ് രക്ഷാപ്രവർത്തകർ കണ്ടെത്തുന്നതിന് മുമ്പ് ഇറാൻ അദ്ദേഹത്തെ തടവിലാക്കട്ടെ പ്രാർഥിക്കു എന്നും എംബസി മറുപടി നൽകി. മുസ്ലിം എന്ന നിലയിലും പരിഷ്കൃതരുമായ ഇറാനികൾ എന്ന നിലയിലും കസ്റ്റഡിയിലുള്ള തടവുകാരോട് എങ്ങനെ മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്ന് തങ്ങൾക്കറിയാമെന്നും എംബസി എക്സിൽ കുറിച്ചു.
“ഇന്ന് രാത്രി നിങ്ങളുടെ പ്രാർഥനയിൽ വെടിയേറ്റ് തകർന്ന രണ്ട് എഫ്-15 പൈലറ്റുമാരെ ഉൾപ്പെടുത്തുക” എന്ന് പറഞ്ഞുകൊണ്ടായിരുന്നു അമേരിക്കൻ വനിതയുടെ പോസ്റ്റ്. തന്റെ മകൻ യുദ്ധവിമാന പൈലറ്റാണ്, അവനിൽ നിന്നോ അവന്റെ യൂണിറ്റിൽ നിന്നോ ഇതുവരെ ഒരു വാർത്തയും ലഭിച്ചിട്ടില്ല. താൻ വലിയ മാനസിക പ്രയാസത്തിലാണ്. എല്ലാ പൈലറ്റുമാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കണമെന്നും സ്ത്രീ അഭ്യർഥിച്ചിരുന്നു. ഇതിന് മറുപടിയായാണ് എംബസിയുടെ പ്രതികരണം.
ഒരു എഫ്-15ഇ യുദ്ധവിമാനം ഇറാനിൽ തകർന്നുവീണതായി യു.എസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാളെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പൈലറ്റിനെ ജീവനോടെ പിടികൂടുന്ന പൗരന്മാർക്ക് ഇറാൻ ഏകദേശം 66,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തതായി ഇറാനിയൻ മാധ്യമ റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ ഇറാനിൽ രക്ഷാപ്രവർത്തനത്തിനിടെ ഇറാനിയൻ പൊലീസ് ഒരു യുഎസ് ഹെലികോപ്റ്ററിന് നേരെ വെടിയുതിർക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും എ.എഫ്.പി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ 'നരകം മുഴുവൻ ഭൂമിയിൽ ഇറങ്ങും' എന്ന് ഇറാനെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. അന്ത്യശാസനത്തെ "നിരാശാജനകവും, പരിഭ്രാന്തവും, അസന്തുലിതവും, മണ്ടത്തരവുമായ നടപടി" എന്ന് ഇറാൻ വിശേഷിപ്പിച്ച് ഇറാൻ തള്ളുകയും ചെയ്തു. യുഎസോ ഇസ്രായേലോ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ എല്ലാ യു.എസ് സൈനിക ആസ്തികൾക്കും ഇസ്രായേലി അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ "വിനാശകരവും നിരന്തരവുമായ" ആക്രമണങ്ങൾ ഉണ്ടാകുമെന്നും ഇറാൻ സെൻട്രൽ മിലിട്ടറി കമാൻഡന്‍റ് ജനറൽ അലി അബ്ദുല്ലാഹി അലിയബാദി മുന്നറിയിപ്പ് നൽകി. തുടർച്ചയായ തോൽവികൾ സമ്മതിച്ചതിനുശേഷം, ആക്രമോത്സുകനും യുദ്ധക്കൊതിയനുമായ അമേരിക്കൻ പ്രസിഡന്റ്, നിരാശാജനകവും, പരിഭ്രാന്തവും, അസന്തുലിതാവസ്ഥ, മണ്ടത്തരവുമായ ഒരു നീക്കത്തിലൂടെ, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെയും ദേശീയ ആസ്തികളെയും ലക്ഷ്യമിടുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അവകാശങ്ങളും ദേശീയ ആസ്തികളും സംരക്ഷിക്കാൻ ഇറാനിയൻ സായുധസേന "ഒരു നിമിഷം പോലും" മടിക്കില്ലെന്നും "ആക്രമണകാരികളെ അവരുടെ സ്ഥാനത്ത് നിർത്തുമെന്നും" അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രംപ് ഇറാന് അന്ത്യശാസനം നൽകിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അബ്ദുല്ലാഹി. 48 മണിക്കൂറിനകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന് മേൽ അതിശക്തമായ സൈനികാക്രമണം ഉണ്ടാകുമെന്നും 'നരകം മുഴുവൻ ഭൂമിയിൽ ഇറങ്ങും' എന്നുമായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പ്.
ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ തകർക്കുമെന്ന് മാർച്ച് 21ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മാർച്ച് 26ന് ഈ സമയപരിധി പിന്നീട് 10 ദിവസത്തേക്ക് കൂടി ട്രംപ് നീട്ടിനൽകി. ഈ സമയ പരിധി ഏപ്രിൽ 6 ന് അവസാനിക്കാനിരിക്കാനിരിക്കെയാമ് അടുത്തിടെ അന്ത്യശാസനം വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.