കുതിച്ചുയർന്ന് എണ്ണ വില; മെയ് മാസത്തിന് ശേഷം ആദ്യമായി 110 ഡോളർ കടന്നു
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ അനിശ്ചിതത്വം തുടരുന്നതിനിടെ എണ്ണ വില വീണ്ടും കുതിക്കുന്നു. ബ്രെന്റ് ക്രൂഡ് വെള്ളിയാഴ്ച ബാരലിന് 110 ഡോളർ കടന്നു. മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ വർഷം ഇതുവരെ അസംസ്കൃത എണ്ണയുടെ വില 70 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്.
ഹുർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം ശക്തമാക്കിയതും സൗദി അറേബ്യയിലെ യാൻബു എണ്ണ ടെർമിനലും മറ്റ് കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതുമാണ് എണ്ണ വില ഉയരാൻ പ്രധാന കാരണം. റഷ്യൻ റിഫൈനറികൾക്ക് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് യുക്രെയ്ൻ പ്രഖ്യാപിച്ചതും എണ്ണ വിലയിൽ പ്രതിഫലിച്ചിട്ടുണ്ട്.
വ്യാപാരത്തിനിടയിൽ 110 ഡോളർ വരെ എത്തിയ ബെന്റ് ക്രൂഡ് വില പിന്നീട് 3.7 ശതമാനം ഉയർന്ന് 109.86 ഡോളറിലാണ് അവസാനിച്ചത്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യൂ.ടി.ഐ) ക്രൂഡ് 3.5 ശതമാനം ഉയർന്ന് ബാരലിന് 101.41 ഡോളറിൽ ക്ലോസ് ചെയ്തു. ഈ ആഴ്ചയിൽ ഡബ്ല്യൂ.ടി.ഐ പത്ത് ശതമാനത്തിൽ അധികം ഉയർന്നപ്പോൾ ബ്രെന്റ് ഏകദേശം ശതമാനവും ഉയർന്നു.
അതേസമയം, ഹൂതി വിമതർ സൗദി അറേബ്യയെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഇത് മേഖലയിൽ നിന്നുള്ള ഊർജ്ജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു. കൂടാതെ, ഹുർമുസ് കടലിടുക്കിൽ ഞായർ മുതൽ ഒമ്പത് കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.
മറുവശത്ത് റഷ്യയും യുക്രെയ്നും പരസ്പരം ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ ആഗോള ഇന്ധന വിപണിയിലെ ക്ഷാമം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ സങ്കീർണമാക്കി. മോസ്കോ ആക്രമണം തുടർന്നതോടെ റഷ്യൻ റിഫൈനറികൾക്ക് നേരെ തിരിച്ചടിക്കുമെന്ന് സെലെൻസ്കി പ്രഖ്യാപിച്ചതും യു.എസിൽ ഡീസൽ വില ഉയരാൻ കാരണമായി, ഗാലണിന് 6.33 ഡോളറായി.
അതേസമയം, ആക്രമണങ്ങൾ രൂക്ഷമായാൽ എണ്ണ വില ഇനിയും ഉയർന്നേക്കും. ബാരലിന് 120 ഡോളർ വരെ ആയേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ കപ്പൽ ഗതാഗതം സാധാരണ നിലയിലായാൽ എണ്ണ വില 80 ഡോളറിലേക്ക് താഴാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.