ഹൂതികൾക്കെതിരെ സൗദി ഇസ്രായേലിന്റെ സഹായം സ്വീകരിക്കണമെന്ന് ട്രംപ്

വാഷിങ്ടൺ: യമനിലെ ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സൗദി അറേബ്യ സ്വീകരിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യക്ക് ഇസ്രായേലിന്റെ പിന്തുണ ഏറെ സഹായകരമാകുമെന്നും വൈറ്റ് ഹൗസിൽനിന്ന് ജോർജിയയിലേക്കുള്ള റാലിക്ക് പുറപ്പെടുന്നതിനുമുമ്പ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഹൂതികൾക്കെതിരെ ഇസ്രായേലിന്റെ സഹായം സൗദി സ്വീകരിക്കണമോയെന്ന ചോദ്യത്തിന്, ‘അതെ, തീർച്ചയായും. ഇസ്രായേൽ സൗദി അറേബ്യക്ക് ഏറെ സഹായകരമായിട്ടുണ്ട്’ എന്നായിരുന്നു മറുപടി.

സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സാധ്യതകൾ വീണ്ടും സജീവമായിട്ടുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. 2020ൽ നിലവിൽവന്ന അബ്രഹാം കരാറുകളിൽ സൗദി അറേബ്യയും പങ്കാളിയാകുമോയെന്ന ചോദ്യത്തിന്, അതിനുള്ള സാധ്യത മുമ്പത്തേക്കാൾ കൂടുതലാണെന്നായിരുന്നു പ്രതികരണം. അബ്രഹാം കരാർ തന്റെ ഭരണകൂടത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണെന്നും സൗദി അറേബ്യക്ക് ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണ ലഭിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് മുമ്പ് സൗദി അറേബ്യയും ഇസ്രായേലും നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള കരാറിനോട് അടുത്തെത്തിയിരുന്നു. എന്നാൽ, ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിലേക്ക് വ്യക്തമായ പാത ഉറപ്പാക്കാതെ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കില്ലെന്ന നിലപാടാണ് സൗദി അറേബ്യ തുടർന്നുവരുന്നത്. 

നേരത്തെ സൗദി അറേബ്യ ഇസ്രായേലിന്റെ സഹായം തേടിയിട്ടുണ്ടോയെന്ന ചോദ്യത്തിന്, സഹായം അഭ്യർഥിക്കാത്ത മിഡിലീസ്റ്റിലെ രാജ്യങ്ങൾ വിരളമാണെന്നാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഹൂതികൾ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് ആർക്കും ഗുണകരമല്ലെന്നും വ്യക്തമാക്കി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടതായി റിപ്പോർട്ടുണ്ട്. ഈജിപ്തിലേക്ക് പറക്കാൻ തയ്യാറെടുക്കുകയായിരുന്ന യമനിയ എയർലൈൻസ് വിമാനത്തിന് സമീപമാണ് മിസൈലുകൾ പതിച്ചതെന്ന് യമൻ വാർത്താവിതരണ മന്ത്രി മുഅമ്മർ അൽ അരിയാനി അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ യമനിലെ വിവിധ പ്രദേശങ്ങളിൽ സൗദി യുദ്ധവിമാനങ്ങൾ 101 വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്‍യ സരീ പറഞ്ഞു. സൻആ ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Trump says Saudi Arabia should accept Israel's helpful offer against Houthis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.