‘വാൾസ്ട്രീറ്റ് ജേർണൽ’ അഭിമുഖത്തിനിടെ ജെ.ഡി. വാൻസുമായി ചർച്ച; മിനിറ്റുകൾക്കകം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പുറത്ത്, വിനയായത് ഇവ
വാഷിങ്ടൺ: ചുമതലയേറ്റ് വെറും അഞ്ചാം ദിവസം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പദവിയിൽ നിന്ന് കാറ്റി സഖറിയ പുറത്ത്. ‘വാൾസ്ട്രീറ്റ് ജേർണലി’ന് അഭിമുഖം നൽകിക്കൊണ്ടിരിക്കെ, മുതിർന്ന ഉപദേഷ്ടാവ് ജെയ്സൺ മില്ലർ ഓഫിസിലെത്തി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള ചെറിയൊരു ചർച്ചക്കായി മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് പെട്ടെന്നുള്ള പുറത്താക്കൽ നടപടി.
വെള്ളിയാഴ്ച സാധാരണ പോലെ ജോലിക്കെത്തിയ കാറ്റി സഖറിയ, റൂസ്വെൽറ്റ് റൂമിൽ കമ്മ്യൂണിക്കേഷൻസ് ടീമുമായുള്ള യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഉച്ചയോടെ വെസ്റ്റ് വിങ് ഓഫിസിൽ ‘വാൾസ്ട്രീറ്റ് ജേർണലി’ന്റെ അഭിമുഖത്തിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജെയ്സൺ മില്ലർ കടന്നുവന്ന് ജെ.ഡി. വാൻസിന് സംസാരിക്കാൻ ആവശ്യമുണ്ടെന്ന് അറിയിച്ചത്.
വാൻസിനെ കാണാൻ പുറത്തിറങ്ങുമ്പോൾ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പുതിയ ഹെലിപാഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. താൻ അന്ന് രാവിലെ കാറ്റി സഖറിയയോട് സംസാരിച്ചതായി ട്രംപ് ഓർത്തെടുത്തു. ‘കാറ്റി, ഇത് നിങ്ങൾക്കുള്ളതാണോ? സത്യത്തിൽ നിങ്ങൾക്ക് ഇതിന്റെ ആവശ്യമില്ല’ എന്ന് താൻ അവരോട് പറഞ്ഞിരുന്നതായി ട്രംപ് വ്യക്തമാക്കി. താൻ ആ സ്ഥാനത്തായിരുന്നെങ്കിൽ ജോലി പുനർവിചിന്തനം ചെയ്യുമായിരുന്നു എന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തിനുശേഷം കാറ്റി സഖറിയ തന്റെ ജോലിയിലേക്കോ അഭിമുഖത്തിലേക്കോ തിരിച്ചെത്തിയിരുന്നില്ല.
വൈകുന്നേരത്തോടെ ‘വാൾസ്ട്രീറ്റ് ജേർണലി’നെ ഫോണിൽ ബന്ധപ്പെട്ട സഖറിയ, തനിക്ക് ലഭിച്ച പരിമിതമായ സമയത്തിലും വിവരങ്ങളിലും നിന്ന് മികച്ചൊരു പ്രസ് ബ്രീഫിങ് നടത്താൻ തന്നാലാകുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി.
തുടക്കം മുതൽ തന്നെ കാറ്റി സഖറിയയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അവരുടെ ആദ്യ പ്രസ് ബ്രീഫിങ് പ്രകടനം ഏറെ നിരാശാജനകമായിരുന്നു. അതോടൊപ്പം സഖറിയയുടെ പശ്ചാത്തലത്തെയും യോഗ്യതകളെയും കുറിച്ച് കനത്ത ചോദ്യങ്ങളും ഉയർന്നു വന്നു.
താനൊരു അഭിഭാഷകയാണെന്നാണ് സഖറിയ നിരന്തരം അവകാശപ്പെട്ടിരുന്നത്. എന്നാൽ അമേരിക്കയിലോ അല്ലെങ്കിൽ വർഷങ്ങൾക്ക് മുമ്പ് വലിയൊരു നിയമസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ചൈനയിലോ അവർ ബാർ പരീക്ഷ പാസ്സായിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് സഖറിയ ഒരിക്കലും ബാർ പരീക്ഷ പാസ്സായിട്ടില്ലെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇതിനു പിന്നാലെ ഫെക്സ് ന്യൂസിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ട് അവർ നടത്തിയ വിശദീകരണങ്ങളും കാര്യങ്ങൾ അനുകൂലമാക്കിയില്ല.
അതേസമയം, കാറ്റി സഖറിയയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത പുതിയൊരു പദവിയിൽ അവർ ട്രംപ് ഭരണകൂടത്തിനായി തുടർന്നും സേവനം അനുഷ്ഠിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.