വാക്സിൻ 94.5 ശതമാനം ഫലപ്രദമെന്ന് മോഡേണ; മൂന്നാംഘട്ട പരീക്ഷണം ഉടനെന്ന് ഭാരത് ബയോടെക്

വാഷിങ്ടൺ: കോവിഡ് വാക്സിൻ പരീക്ഷണങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ച് ലോകം. പരീക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്നത് ആശ്വാസ വാർത്തകളും. അമേരിക്കൻ കമ്പനിയായ ഫൈസറിൻ്റെ വാക്സിനും റഷ്യയുടെ സ്പുട്നിക് V വാക്സിനും വിജയകരമാണെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മൊഡേണയും പരീക്ഷണം വിജയമാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി.

തങ്ങളുടെ പരീക്ഷണാത്മക കോവിഡ് 19 പ്രതിരോധ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്ന് മൊഡേണ വ്യക്തമാക്കി. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൊഡേണയുടെ അവകാശവാദം. ആഴ്ചകൾക്കുള്ളിൽ യു.എസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമർപ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനിയെന്ന് സി.ഇ.ഒ. സ്റ്റീഫൻ ബൻസെൽ പറഞ്ഞു. വർഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകൾ കയറ്റി അയയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്സിൻ 28 ദിവസത്തെ ഇടവേളയിൽ രണ്ടുതവണയാണ് നൽകുന്നത്. വാക്സിൻ നൽകിയ 30,000 കോവിഡ് ബാധിതരിൽ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്.

അതിനിടെ, ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് തങ്ങളുടെ കോവിഡ് വാക്സിനായ കോവാക്സിൻ്റെ മൂന്നാംഘട്ട പരീക്ഷണം ഉടൻ നടത്തുമെന്ന് പ്രഖ്യാപിച്ചു. 26,000 പേരിലാണ് പരീക്ഷണം നടക്കുക. ജോൺസൺ ആൻഡ് ജോൺസണിൻ്റെ മൂന്നാംഘട്ട രണ്ട് ഡോസ് പരീക്ഷണവും ഉടൻ 30,000 പേരിൽ നടക്കും.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 50 കോവിഡ് വാക്സിനുകളുടെ പരീക്ഷണം നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇതിൽ പതിനൊന്നെണ്ണം വാക്സിൻ ഗവേഷണത്തിൻ്റെ അവസാനഘട്ടമെന്ന് കരുതപ്പെടുന്ന മൂന്നാം ഘട്ടത്തിലാണ്.

Tags:    
News Summary - Moderna says vaccine is 94.5 percent effective; Bharat Biotech says third phase test soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.