ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബുർ റഹ്മാന്റെ വീടിന് ജനക്കൂട്ടം തീയിട്ടു. മകളും സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രിയുമായ ശൈഖ് ഹസീനയുടെ തത്സമയ ഓൺലൈൻ പ്രസംഗത്തിനിടെയാണ് അക്രമികൾ വസതിക്ക് തീയിട്ടത്. ശൈഖ് ഹസീന ബുധനാഴ്ച രാത്രി ഒമ്പതു മണിക്ക് ഓൺലൈനിൽ പ്രസംഗിക്കുന്നതിനിടെ ധൻമോണ്ടി പ്രദേശത്തെ മുജീബുർറഹ്മാന്റെ വീടിന് മുന്നിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുകയും പിന്നീട് തീയിടുകയുമായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള കാവൽ സർക്കാർ നേരത്തെ മുജീബുർറഹ്മാന്റെ വസതി മ്യൂസിയമാക്കി മാറ്റിയിരുന്നു. അവാമി ലീഗിന്റെ പിരിച്ചുവിട്ട വിദ്യാർഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗത്തിലാണ് നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കാൻ ഹസീന ജനങ്ങളോട് ആഹ്വാനം ചെയ്തത്. ‘ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ പണയപ്പെടുത്തി നമ്മൾ നേടിയെടുത്ത ദേശീയ പതാക, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാൻ അവർക്ക് ഇതുവരെ ശക്തിയില്ല,’ മുഹമ്മദ് യൂനുസിന്റെ നിലവിലുള്ള ഭരണകൂടത്തെ പരാമർശിച്ചുകൊണ്ട് ഹസീന പറഞ്ഞു.
‘ഇന്ന് ഈ വീട് പൊളിച്ചുമാറ്റുകയാണ്. എന്ത് കുറ്റമാണ് അവർ ചെയ്തത്? എന്തിനാണ് അവർ ആ വീടിനെ ഇത്രയധികം ഭയപ്പെട്ടത്.’ അതേസമയം, ഹസീനയെയും മറ്റുള്ളവരെയും ഇന്ത്യയിൽ നിന്ന് തിരികെ കൊണ്ടുവരാൻ ഇടക്കാല സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ആഭ്യന്തര ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറൽ എം.ഡി. ജഹാംഗീർ ആലം ചൗധരി ബുധനാഴ്ച പറഞ്ഞു.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയും ആരോപിച്ച് ശൈഖ് ഹസീനക്കും നിരവധി മുൻ കാബിനറ്റ് മന്ത്രിമാർക്കും, ഉപദേഷ്ടാക്കൾക്കും, സൈനിക, സിവിൽ ഉദ്യോഗസ്ഥർക്കും എതിരായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.