യുക്രെയ്നിലെ ഒഡേസയിൽ മിസൈൽ ആക്രമണം: രണ്ട് കുട്ടികൾ അടക്കം 19 മരണം

കിയവ്: യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം 19 മരണം. രണ്ട് കുട്ടികളുൾപ്പെടെ 19 പേർ മരിച്ചതായി യുക്രെയ്ൻ സുരക്ഷ വിഭാഗം അറിയിച്ചു.

പരിക്കേറ്റ ആറ് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും അപ്പാർട്മെന്റ് കെട്ടിടത്തിലുള്ളവരാണെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വെള്ളിയാഴ്ച പുലർച്ചെ ഒഡേസക്ക് സമീപമുള്ള തീരദേശ പട്ടണമായ സെർഹിവ്കയിലെ ജനവാസ കേന്ദ്രങ്ങളിലാണ് റഷ്യൻ മിസൈൽ ആക്രമണമുണ്ടായത്. കരിങ്കടലിലെ തന്ത്രപ്രധാനമായ സ്നേക് ദ്വീപ് യുക്രെയ്ൻ വീണ്ടെടുത്തതിന് പിറ്റേന്നാണ് റഷ്യയുടെ തിരിച്ചടി. അതേസമയം റഷ്യ ആക്രമണ ആരോപണം തള്ളി. ജനവാസ കേന്ദ്രങ്ങളിലെ മിസൈൽ ആക്രമണത്തെ ജർമനി അപലപിച്ചു.

റഷ്യ വിക്ഷേപിച്ച മൂന്ന് എക്‌സ്-22 മിസൈലുകൾ ഒരു അപ്പാർട്മെന്റ് കെട്ടിടവും രണ്ട് ക്യാമ്പ് സൈറ്റുകളും തകർത്തതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. യുദ്ധക്കളത്തിലെ പരാജയങ്ങൾക്ക് മറുപടിയായി ഒരു ഭീകരരാജ്യം പൗരന്മാരെ കൊല്ലുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പറഞ്ഞു.

അതിനിടെ കിഴക്കൻ യുക്രെയ്നിലെ ലിസിചാൻസ്ക് നഗരത്തിന്റെ സമീപമുള്ള ഒരു എണ്ണ ശുദ്ധീകരണശാല നിയന്ത്രണത്തിലാക്കാൻ പോരാടുകയാണെന്നും ലുഹാൻസ്ക് ഗവർണർ സെർഹി ഹൈദായി പറഞ്ഞു.

പീരങ്കികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് റഷ്യ വീടുകൾ തകർക്കുന്നതായാണ് റിപ്പോർട്ടുകൾ. ലിസിചാൻസ്ക് നിവാസികൾ 24 മണിക്കൂറും ഭൂഗർഭ അറകളിൽ ഒളിച്ചിരിക്കുകയാണ്. ലിസിചാൻസ്കിലെ എണ്ണ ശുദ്ധീകരണശാല, ഖനി, ജലാറ്റിൻ ഫാക്ടറി എന്നിവയുടെ നിയന്ത്രണം റഷ്യയും വിമതരും കൈയടക്കിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കിഴക്കൻ യുക്രെയ്‌നിൽ വടക്കുകിഴക്കൻ ഖാർകിവ് മേഖലയിൽ നാലുപേരും ഡൊനെറ്റ്സ്ക് പ്രവിശ്യയിൽ നാലുപേരും കൊല്ലപ്പെട്ടു.

Tags:    
News Summary - Missiles strike Odesa; 17 killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.