അരപ്പട്ടിണിയിൽ ജനം, വിശപ്പകറ്റാൻ കുട്ടികൾ ഭക്ഷണം മോഷ്ടിക്കുന്നു; ഋഷി സുനകിന്റെ ബ്രിട്ടന്റെ അവസ്ഥ അറിഞ്ഞാൽ ഞെട്ടും

ഒരുകാല​െത്ത സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഇന്ന് അനുഭവിക്കുന്നത് വൻ കെടുതികളെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി ലിസ് ട്രെസ്സിന്റെ രാജിയും, അടുത്ത പ്രധാനമന്ത്രി സ്ഥാനാര്ഥിത്വവുമെല്ലാം ലോകംമുഴുവൻ ചർച്ചയാകുമ്പോൾ ബ്രിട്ടനിലെ സാമ്പത്തിക തകർച്ചയുടെ കൂടുതൽ വാർത്തകളാണ് പുറത്തുവരുന്നത്.

'ദി ഗാർഡിയൻ' ഉൾപ്പടെ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങളനുസരിച്ച് ഭക്ഷണത്തിനുപോലും അവിടത്തെ പൗരന്മാർ ബുദ്ധിമുട്ടുകയാണ്. യുകെയിലെ ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമായപ്പോൾ, സെപ്റ്റംബറിൽ അഞ്ചിൽ ഒരാൾക്ക് ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു. അതായത് കോവിഡ് ലോക്ഡൗണിന്റെ ആദ്യ ആഴ്ചകളേക്കാൾ കൂടുതൽ ആളുകൾ ഇപ്പോൾ പട്ടിണിയിലാണ് എന്നാണ് ഫുഡ് ഫൗണ്ടേഷൻ ചാരിറ്റി സർവ്വേ പറയുന്നത്.

ഫുഡ് ഫൗണ്ടേഷന്റെ ഏറ്റവും പുതിയ സർവ്വേ അനുസരിച്ച്, കഴിഞ്ഞ ജനുവരി മുതൽ യു.കെയിൽ വിശപ്പിന്റെ അളവ് ഇരട്ടിയിലധികമായി വർദ്ധിച്ചു. ഏകദേശം 10 ദശലക്ഷം മുതിർന്നവർക്കും നാല് ദശലക്ഷം കുട്ടികൾക്കും കഴിഞ്ഞ മാസം എന്നത്തേയും പോലെ ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. ചില സ്ഥലങ്ങളിലെ വിശന്നു വലഞ്ഞ സ്കൂൾ കുട്ടികൾ സഹപാഠികളിൽ നിന്ന് ഭക്ഷണം മോഷ്ടിക്കുകയും സ്‌കൂൾ ഭക്ഷണം വാങ്ങാനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഉച്ചഭക്ഷണം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ചിലരാണെങ്കിൽ ഒരു കഷ്ണം റൊട്ടി മാത്രം കഴിച്ച് ഒരു ദിവസം വിശപ്പടക്കുന്നുണ്ട്. ഇത്തരത്തിൽ 800,000 കുട്ടികൾ ആണ് കെടുതികൾ അനുഭവിക്കുന്നത്.

പ്രമുഖ പൊതുജനാരോഗ്യ വിദഗ്ധൻ സർ മൈക്കൽ മാർമോട്ട് വിശപ്പിന്റെ ഈ വർധനവിനെ 'അപകടകരം' എന്നാണ് വിളിക്കുന്നത്. ജനങ്ങൾക്കിടയിൽ സമ്മർദ്ദം, മാനസികരോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെ വർധിക്കുകയും സമൂഹത്തിന്റെ മോശമായ അവസ്ഥയ്ക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം ഗാർഡിയനോട് പറഞ്ഞു.


കാരണങ്ങൾ

ബ്രിട്ടന്റെ പ്രതിസന്ധിക്ക് പല കാരണങ്ങളും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡും റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും കാരണം യു.കെയിൽ വർധിച്ചുവരുന്ന പണപ്പെരുപ്പം ഉണ്ടായിരുന്നു. ഇതുകാരണം താഴ്ന്ന വരുമാനമുള്ള അഞ്ച് കുടുംബങ്ങളിൽ ഒരാൾക്ക് ഭക്ഷണ ദൗർലഭ്യം നേരിട്ടതായി ഫുഡ് ഫൗണ്ടേഷൻ റിപ്പോർട്ട് പറയുന്നു. ഇടക്ക് ഉണ്ടായ വരൾച്ചയും ഉയർന്ന വാതക വിലയും കർഷകരെ സമ്മർദ്ദത്തിലാക്കിയതിനാൽ ആണ് ഇങ്ങനെ ഒരു പ്രതിസന്ധി ബ്രിട്ടൺ നേരിടുന്നത് എന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ജൂണിൽ ആണ് ഭക്ഷ്യ അരക്ഷിതാവസ്ഥ ബ്രിട്ടനിലെ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നു എന്ന തരത്തിൽ ആദ്യമായി വാർത്തകൾ വന്നുതുടങ്ങിയത്. ഊര്‍ജ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ബ്രിട്ടണിലെ പബ്ബുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടലിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രതിസന്ധി മറികടക്കാന്‍ പല സ്ഥാപനങ്ങളും സര്‍ക്കാറിനോട് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.


സുനകിനെ കാത്തിരിക്കുന്നത്

രണ്ട് നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിവാണ ബ്രിട്ടന്റെ ഭരണാധികാരിയായി ഒരു ഇന്ത്യൻ വംശജൻ എത്തുന്നു എന്നതാണ് ​ഋഷി സുനകിന്റെ വരവിൽ നാം കാണുന്ന പ്രത്യേകത. ഭരണകക്ഷിയിലെ പകുതിയിലധികം എംപിമാരുടെ പിന്തുണ ലഭിച്ചെങ്കിലും ഋഷി സുനക് പാർട്ടിക്കുള്ളിൽ അത്ര സ്വീകാര്യനല്ല. വിപ്ലവകരമായ സാമ്പത്തികമാറ്റം പ്രതീക്ഷിച്ച് ലിസ് ട്രസ് ഭരണകൂടം അവതരിപ്പിച്ച ബജറ്റ് വൻതകർച്ചയിലേക്ക് വഴിതെളിക്കുമെന്ന ബോധ്യമാണ് സുനകിന് വഴി തുറന്നുകൊടുത്തത്. ചുരുക്കത്തിൽ സുനകിന്റെ സ്വീകാര്യതയല്ല, ലിസ് ട്രസിന്റെ പിടിപ്പുകേടാണ് വീണ്ടുമൊരു ഭരണമാറ്റത്തിന് വഴിതെളിച്ചത്.

മികച്ച സാമ്പത്തിക വിദഗ്ധനായാണ് സുനക് അറിയപ്പെടുന്നത്. തകർച്ച നേരിടുന്ന ബ്രിട്ടിഷ് സമ്പദ്‍വ്യവസ്ഥയെ രക്ഷപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചേക്കുമെന്ന വിശ്വാസം മാത്രമാണ് നിലവിൽ അനുകൂലമായ ഘടകം. 10% വരെ വിലക്കയറ്റം നേരിടുന്ന രാജ്യത്ത് സർക്കാർ ചെലവ് വെട്ടിക്കുറക്കാനും നികുതി നിരക്ക് വർധിപ്പിക്കാനും അദ്ദേഹം നിർബന്ധിതനാവും. സർക്കാർചെലവ് കുറയ്ക്കുന്നത് സമ്പത്തിക മാന്ദ്യത്തിന് വഴിതെളിച്ചേക്കാം. നികുതി വർധിപ്പിച്ചാൽ ഊർജനികുതിയും ഉയർത്തിയേക്കും. യുക്രെയ്ൻ–റഷ്യ യുദ്ധം മൂലം കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിൽ മൂന്നിരട്ടിയായ ഊർജവില അതോടെ വീണ്ടും വർധിക്കും.

കുടിയേറ്റക്കാർക്ക് ഇടം നൽകുന്നത് സംബന്ധിച്ച തർക്കവും നിലനിൽക്കുന്നുണ്ട്. വീസ കാലാവധി കഴിഞ്ഞും ബ്രിട്ടനിൽ തങ്ങുന്നവരിൽ കൂടുതൽ ഇന്ത്യക്കാരാണെന്ന മുൻ ആഭ്യന്തരസെക്രട്ടറി സുവെല്ല ബ്രേവെർമന്റെ പ്രസ്താവന സാധാരണ ജനങ്ങളുടെ വികാരം വിളിച്ചറിയിക്കുന്നതാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യ ആവശ്യപ്പെടുന്നത്ര ഉദാരമായ വീസ നയം സ്വീകരിക്കാൻ സുനക് ഭരണകൂടത്തിന് ബുദ്ധിമുട്ടായിരിക്കും. ചുരുക്കത്തിൽ സുനകിനെ കാത്തിരിക്കുന്നത് മുൾക്കിരീടമാണെന്നത് തീർച്ചയാണ്.

Tags:    
News Summary - Millions forced to skip meals as UK cost of living crisis deepens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.