ലഗേജുമായി നീങ്ങുന്ന യാത്രക്കാരൻ. ആഞ്ചലസ് വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ Patrick T Fallon/AFP via Getty Images
വാഷിങ്ടൺ: ഇറാൻ-യു.എസ് യുദ്ധത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിൽ ലഗേജ് നിരക്കുകൾ വർധിപ്പിച്ച് അമേരിക്കൻ വിമാനക്കമ്പനികൾ. ഡെൽറ്റ എയർലൈൻസ്, യുനൈറ്റഡ് എയർലൈൻസ്, ജെറ്റ് ബ്ലൂ എന്നിവയുൾപ്പെടെയുള്ള പ്രമുഖ കമ്പനികളാണ് ബാഗേജ് ഫീസിൽ വൻ വർധന വരുത്തിയത്. യുദ്ധം കാരണം വിമാന ഇന്ധനത്തിന്റെ വില ഇരട്ടിയായതാണ് നിരക്ക് കൂട്ടാൻ കമ്പനികളെ പ്രേരിപ്പിച്ചത്.
ഡെൽറ്റ എയർലൈൻസിന്റെ പുതുക്കിയ നിരക്കുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മിക്ക ആഭ്യന്തര റൂട്ടുകളിലും ആദ്യത്തെയും രണ്ടാമത്തെയും ബാഗുകൾക്ക് 10 ഡോളർ വീതമാണ് വർധിപ്പിച്ചത്. ഇതോടെ ആദ്യ ബാഗിന് 45 ഡോളറും (4,158 രൂപ) രണ്ടാമത്തെ ബാഗിന് 55 ഡോളറും (5,082 രൂപ) നൽകേണ്ടി വരും. മൂന്നാമത്തെ ബാഗിന് 200 ഡോളറാണ് (18,482 രൂപ) നൽകേണ്ടത്. കഴിഞ്ഞ ആഴ്ച യുനൈറ്റഡ് എയർലൈൻസും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിച്ചിരുന്നു.
ഫെബ്രുവരിയിൽ ഇറാനിൽ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതോടെയാണ് മേഖലയിൽ യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ഇതോടെ ഇന്ധനവില കുത്തനെ ഉയരുകയായിരുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഗാലന് 2.50 ഡോളറായിരുന്ന ഇന്ധനവില ഇപ്പോൾ 4.81 ഡോളറിലെത്തി നിൽക്കുകയാണ്. യുദ്ധമേഖല ഒഴിവാക്കാൻ വിമാനങ്ങൾ കൂടുതൽ ദൂരം ചുറ്റിപ്പറക്കേണ്ടി വരുന്നതും ചിലവ് വർധിപ്പിക്കുന്നു.
ഇന്ധനവില വർധനക്കിടയിലും മികച്ച സാമ്പത്തിക നേട്ടമാണ് വിമാനക്കമ്പനികൾ കൈവരിക്കുന്നത്. ജൂണിൽ അവസാനിക്കുന്ന കാലയളവിൽ ഏകദേശം 100 കോടി ഡോളറിന്റെ ലാഭമാണ് ഡെൽറ്റ പ്രതീക്ഷിക്കുന്നത്. ഇത്രയും വലിയ ലാഭം കൊയ്യുമ്പോഴും യാത്രക്കാരിൽനിന്ന് അധിക നിരക്ക് ഈടാക്കുന്നതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. യുദ്ധം അവസാനിച്ചാൽ നിരക്കുകൾ കുറക്കുമോ എന്ന കാര്യത്തിൽ വിമാനക്കമ്പനികൾ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
അമേരിക്കൻ കമ്പനികൾക്ക് പുറമെ അന്താരാഷ്ട്ര വിമാനക്കമ്പനികളായ ക്വാണ്ടാസ്, കാഥേ പസഫിക്, തായ് എയർവേയ്‌സ് തുടങ്ങിയവരും ഇന്ധന സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.