യുനൈറ്റഡ് നാഷൻസ്: വീരമൃത്യുവരിച്ച യു.എൻ സമാധാന സേനാംഗങ്ങൾക്കായി യു.എൻ ആസ്ഥാനത്ത് സ്മാരകമതിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്രസഭ പൊതുസഭ അംഗീകരിച്ചു. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് കരടുപ്രമേയം അവതരിപ്പിച്ചു.
കൊല്ലപ്പെട്ട സമാധാന സേനാംഗങ്ങളുടെ പേര് അനുയോജ്യവും പ്രാധാന്യമുള്ളതുമായ സ്ഥലത്ത് നിർമിക്കുന്ന മതിലിൽ കൊത്തിവെക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. മൂന്നു വർഷത്തിനുള്ളിൽ മതിൽ പൂർത്തിയാക്കണമെന്നാണ് നിർദേശം. കഴിഞ്ഞ 75 വർഷത്തിനിടെ ലോകത്താകമാനം 71 സമാധാന ദൗത്യങ്ങളിലായി 125 രാജ്യങ്ങളിൽനിന്നുള്ള പത്തുലക്ഷത്തിലേറെ പേർ യു.എൻ സമാധാന സേനയുടെ ഭാഗമായതായി രുചിര കംബോജ് പറഞ്ഞു.
നിലവിൽ 80,000ത്തിലേറെ പേർ വിവിധ സംഘർഷബാധിത പ്രദേശങ്ങളിൽ പ്രയാസമേറിയ സാഹചര്യത്തിൽ സേവനം ചെയ്യുന്നു. 4200ലേറെ പേർ ഇതിനകം കൊല്ലപ്പെട്ടു. ഇന്ത്യയുടെ പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. പ്രമേയത്തിന് 190 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചത് ഇന്ത്യയുടെ സംഭാവനകളിലും ഉദ്ദേശ്യങ്ങളിലുമുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 21ന് യു.എൻ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുക്കുന്നതിന് ദിവസങ്ങൾക്കുമുമ്പാണ് പ്രമേയം പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.