ഏകപക്ഷീയമായി യുക്രെയ്നെ അക്രമിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് അങ്ങ് ചൈനയിൽ മാത്രമല്ല പിടി. ഇങ്ങ് ഇന്ത്യയിലും പിടിപാടുണ്ട്. റഷ്യയെയും പുടിനെയും പിന്തുണച്ചെത്തിയിരിക്കുന്നത് മറ്റാരുമല്ല, ഇന്ത്യക്കാരനായ പുടിന്റെ പാർട്ടി അംഗമാണ്.
റഷ്യയും യുക്രെയ്‌നും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുമ്പോഴും ഇന്ത്യൻ വംശജനായ നിയമസഭാംഗവും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പാർട്ടി അംഗവുമായ ഡോ. അഭയ് കുമാർ സിംഗ് ആണ് അയൽ രാജ്യത്തിനെതിരായ സൈനിക നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
അയൽരാജ്യത്തിന് ചർച്ചകൾക്ക് വേണ്ടത്ര അവസരം നൽകിയെന്നും പരാജയപ്പെട്ടതിനാൽ യുദ്ധത്തിനുള്ള തീരുമാനമെടുത്തെന്നും അദ്ദേഹം പറഞ്ഞു.
''ബംഗ്ലാദേശിൽ ചൈന സൈനിക താവളം സ്ഥാപിച്ചാൽ ഇന്ത്യ എങ്ങനെ പ്രതികരിക്കും, ഇന്ത്യക്ക് ഇത് ഇഷ്ടപ്പെടില്ലെന്ന് വ്യക്തം, റഷ്യക്കെതിരെ നാറ്റോ രൂപീകരിച്ചു, സോവിയറ്റ് യൂനിയൻ തകർന്നിട്ടും അത് ശിഥിലമാകില്ല, അത് ക്രമേണ നമ്മോട് അടുത്തു. ഉക്രെയ്ൻ നാറ്റോയിൽ ചേരുകയാണെങ്കിൽ, ഉക്രെയ്ൻ നമ്മുടെ അയൽരാജ്യമായതിനാൽ അത് നാറ്റോ സേനയെ നമ്മോട് അടുപ്പിക്കും. അത് കരാറിന്റെ ലംഘനമാകും. നമ്മുടെ പ്രസിഡന്റിനും പാർലമെന്റിനും അതിനെതിരെ പ്രവർത്തിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. യുക്രെയ്നെ ആക്രമിക്കാൻ ഒരു തീരുമാനമെടുത്തു'' -ഡോ. അഭയ് കുമാർ സിംഗ് 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു.
ബിഹാറിലെ പട്ന സ്വദേശിയായ അഭയ്കുമാർ 30 വർഷങ്ങൾക്ക് മുമ്പ് മെഡിസിൻ പഠനത്തിനായാണ് റഷ്യയിൽ എത്തിയത്. കുർസ്ക് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽനിന്നും പഠനം പൂർത്തിയാക്കി പട്നയിൽ മടങ്ങിയെത്തിയെങ്കിലും വീണ്ടും അവിടേക്ക് തന്നെ മടങ്ങി. ഫാർമസ്യൂട്ടിക്കൽ, റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിൽ ഒക്കെ ബിസിനസ് നടത്തുന്നു. 2015ലാണ് പുടിന്റെ യുനൈറ്റഡ് റഷ്യ പാർട്ടിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.