ന്യൂയോർക്ക്: ഇന്ന് മേയർ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുകയാണ് അമേരിക്കയിലെ മഹാ നഗരമായ ന്യൂയോർക്ക്. തെരഞ്ഞെടുപ്പിൽ ലോക ശ്രദ്ധ കവർന്നിരിക്കുകയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ സൊഹ്റാൻ മംദാനി എന്ന മുസ്‍ലിം കുടിയേറ്റക്കാരൻ. ജൂൺ 24ന് നടന്ന പ്രൈമറി വോട്ടെടുപ്പിൽ തന്റെ എതിരാളികളായ റിപ്പബ്ലിക്കൻ-സ്വതന്ത്ര സ്ഥാനാർഥികളേക്കാൾ മുന്നിലാണ് മംദാനിയുടെ നില.
തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, സൊഹ്‌റാൻ മംദാനി വിജയിച്ചാൽ ഫണ്ടുകൾ അനുവദിക്കില്ലെന്നും നഗരം സമ്പൂർണമായ ‘സാമൂഹിക-സാമ്പത്തിക ദുരന്തം’ നേരിടേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഒപ്പം മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ മേയർ സ്ഥാനത്തേക്ക് ഔദ്യോഗികമായി പിന്തുണക്കുകയും ചെയ്തു.
‘ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥി സൊഹ്‌റാൻ മംദാനി വിജയിച്ചാൽ, എന്റെ പ്രിയപ്പെട്ട ആദ്യ ഭവനത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയല്ലാതെ ഫെഡറൽ ഫണ്ടുകൾ സംഭാവന ചെയ്യുകയില്ല. കാരണം, ഒരു ‘കമ്യൂണിസ്റ്റ്’ എന്ന നിലയിൽ, ഒരിക്കലും ഈ മഹത്തായ നഗരത്തിന് വിജയ സാധ്യതയില്ല. അതിജീവനത്തിന് പോലും സാധ്യതയില്ല. പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് നല്ല പണം മോശം സമയത്തേക്ക് അയക്കാൻ താൽപര്യമില്ല’ എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. ഒരു കമ്യൂണിസ്റ്റ് അധികാരത്തിലിരുന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേ ഉള്ളൂ. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരം സമ്പൂർണ്ണമായ സാമ്പത്തിക, സാമൂഹിക ദുരന്തമാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും ട്രംപ് കുറിച്ചു.
പാർട്ടിയുടെ പരിധികൾ പോലും ലംഘിച്ചാണ് റിപ്പബ്ലിക്കനും ന്യൂയോർക്കുകാരനുമായ ട്രംപ്, സ്വതന്ത്ര സ്ഥാനാർഥിയും മുൻ ഡെമോക്രാറ്റിക് ഗവർണറുമായ ക്യുമോയെ പിന്തുണച്ചത്. ‘നിങ്ങൾക്ക് വ്യക്തിപരമായി ആൻഡ്രൂ ക്യുമോയെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മറ്റ് മാർഗങ്ങളൊന്നുമില്ല. നിങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്തിരിക്കണം. അദ്ദേഹം മികച്ച നിലയിൽ ആ ജോലി ചെയ്യും. അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ട്. മംദാനി അങ്ങനെയല്ല’ എന്നും ട്രംപ് അധിക്ഷേപിച്ചു.
റിപ്പബ്ലിക്കൻ നോമിനി കർട്ടിസ് സ്ലിവക്ക് വോട്ട് ചെയ്യുന്നത് ഫലത്തിൽ മംദാനിയെ സഹായിക്കുമെന്നും ട്രംപ് പറഞ്ഞു. ‘മംദാനിയെപ്പോലുള്ള ഒരു കമ്യൂണിസ്റ്റിനെക്കാൾ മോശം ഡെമോക്രാറ്റിനെയാണ് താൻ ഇഷ്ടപ്പെടുന്നതെന്ന്’ ഒരു അഭിമുഖത്തിലും ട്രംപ് ആവർത്തിച്ചു. പ്രസിഡന്റ് എന്ന നിലയിൽ ന്യൂയോർക്കിന് ധാരാളം പണം നൽകുന്നത് എനിക്ക് ബുദ്ധിമുട്ടായിരിക്കും. നിങ്ങൾ അവിടേക്ക് പണം അയക്കുന്നുവെങ്കിൽ അത് പാഴാക്കുക മാത്രമാവും ചെയ്യുകയെന്നും’ പറഞ്ഞു.
ട്രംപിന്റെ പരാമർശങ്ങളോട് ഒട്ടുംകുറയാതെ മംദാനി സി.എൻ.എന്നിന്റെ അഭിമുഖത്തിൽ പ്രതികരിച്ചു. ‘ഡോണൾഡ് ട്രംപ് ഞങ്ങളുടെ പ്രചാരണത്തിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് നിങ്ങൾക്ക് വ്യക്തമായി മനസ്സിലാവും. തൊഴിലാളി വർഗക്കാരായ ന്യൂയോർക്കുകാരുടെ ജീവിതത്തിലെ പ്രതിസന്ധി ഞങ്ങൾ തിരിച്ചറിഞ്ഞതിനാൽ ട്രംപ് ഭീഷണിയിലാണ്. തൊഴിലെടുക്കുന്ന അമേരിക്കക്കാരെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ് ട്രംപ്. എന്നാൽ, അദ്ദേഹത്തിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ ആ പ്രതിസന്ധി പരിഹരിക്കാൻ പോകുന്നു. ഏത് നഗരത്തിനും സംസ്ഥാനത്തിനും എത്ര പണം ലഭിക്കണമെന്ന് തീരുമാനിക്കേണ്ടത് ഡൊണാൾഡ് ട്രംപല്ല. ന്യൂയോർക്കുകാർക്ക് നൽകാനുള്ള പണമാണത്. ഞങ്ങളത് പൊരുതി വാങ്ങു’മെന്നും മംദാനി കൂട്ടിച്ചേർത്തു.
ഉഗാണ്ടൻ-ഇന്ത്യൻ വംശജനും സോഷ്യൽ ഡെമോക്രാറ്റുമായ 34 വയസ്സുള്ള സംസ്ഥാന അസംബ്ലി അംഗം സൊഹ്റാൻ മംദാനിയെ മുൻനിരയിൽ നിന്ന് മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ട്രംപിന്റെ ഇടപെടൽ ഉണ്ടായത്. മംദാനിക്കെതിരെ നിരവധി തവണ ട്രംപ് മോശം പരാമർശങ്ങൾ നടത്തി. എന്നാൽ, വാടക മരവിപ്പിക്കുകയും താങ്ങാനാവുന്ന വിലയുള്ള ഭവനങ്ങൾ വികസിപ്പിക്കുകയും ചെയ്തുകൊണ്ട് ന്യൂയോർക്കുകാർക്ക് ചെലവുകൾ കുറച്ച് ജീവിതം എളുപ്പമാക്കുമെന്ന പ്രചാരണം മംദാനിയെ ഏറെ ജനകീയനാക്കി. ഇത് ജൂണിൽ നടന്ന പ്രൈമറിയിൽ അദ്ദേഹത്തിന് മുൻ തൂക്കം നൽകി. ഇന്നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ആ ഫലം നിലനിർത്താനായാൽ ആഗോള രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധേയമായ വിജയമായിരിക്കും മംദാനിയുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.