ഗസ്സ: അഭയാർഥികൾ തമ്പടിച്ച ഗസ്സയിലെ റഫയിൽ കൂട്ടക്കൊല തുടങ്ങി ഇസ്രായേൽ സൈന്യം. ശനിയാഴ്ച 28 പേരെ കൊലപ്പെടുത്തി. ഗസ്സയിൽ ജനങ്ങളിൽ പകുതിയും താമസിക്കുന്ന റഫയിൽ ആക്രമണം നടത്തിയാൽ അവർക്ക് പോകാൻ മറ്റൊരു ഇടമില്ലെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
റഫയിലെ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തത്തിൽനിന്ന് അമേരിക്കക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. അതിനിടെ, അൽശിഫ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അബു സാൽമിയയെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായി ഗസ്സ ജോർഡൻ മെഡിക്കൽ സംഘം ആരോപിച്ചു. അദ്ദേഹത്തിന്റെ കൈ ഒടിച്ചെന്നും കഴുത്തിൽ ചങ്ങല കെട്ടി നായയെപ്പോലെ വലിച്ചിഴച്ചെന്നും കൈകൾ കെട്ടി പാത്രത്തിൽ നായക്ക് ഭക്ഷണം കൊടുക്കുന്നതുപോലെയാണ് നൽകിയതെന്നും അമ്മാനിൽ ഗസ്സ ഹെൽത് സെക്ടർ സമ്മേളനത്തിൽ പ്രതിനിധി സംഘത്തിലുണ്ടായിരുന്ന ഡോ. ബിലാൽ അസ്സാം പറഞ്ഞു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 28,064 ആയി. 67,611 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇസ്രായേൽ വെടിവെപ്പിനിടെ കാണാതായ ആറുവയസ്സുള്ള ഫലസ്തീനി കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ഗസ്സ: ഗസ്സയെ ഇസ്രായേൽ സൈന്യം നിർമിത ബുദ്ധി ആയുധങ്ങളുടെ പരീക്ഷണശാലയാക്കുന്നതായി റിപ്പോർട്ട്. ഇസ്രായേലി ടെക് സ്റ്റാർട്ടപ്പായ നാഷനൽ സെൻട്രലിന്റെ ചീഫ് എക്സിക്യൂട്ടീവ് അവി ഹാസോണിനെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വയം ചുറ്റുപാട് നിരീക്ഷിച്ച് ആക്രമിക്കാൻ കഴിയുന്ന റോബോട്ടിക് ഡ്രോണുകളും മനുഷ്യന്റെ സഹായമില്ലാതെ തന്നെ വെടിയുതിർക്കാൻ കഴിയുന്ന സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. നിർമിത ബുദ്ധി ആയുധങ്ങളുടെ വ്യാപനം സർവനാശത്തിന് കാരണമാകുമെന്ന് യു.എൻ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.