ന്യൂയോർക്കിലെ ചെറുകിട വ്യവസായങ്ങൾക്ക് പിന്തുണ നൽകാൻ പദ്ധതിയുമായി മംദാനി; കുടിയേറ്റക്കാരുടെ സംരംഭങ്ങളെക്കുറിച്ച് പരാമർശം

ന്യൂയോർക്ക്: കുതിച്ചുയരുന്ന വാടകയിൽ നിന്നും സമ്മർദ്ദത്തിൽ നിന്നും ന്യൂയോർക്ക് സിറ്റിയിലെ ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാൻ താൻ തയാറെന്ന് സൊഹ്റാൻ മംദാനി. എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് മംദാനി തന്‍റെ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. അടുത്തിടെയാണ് സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

രാജ്യത്തെ കുടിയേറ്റക്കാർ നടത്തുന്ന ചെറുകിട വ്യവസായങ്ങൾ ന്യൂയോർക്ക് നഗരത്തിൽ നിന്ന് ഒഴിച്ചു കൂടാനാവാത്ത തരത്തിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്നും സ്വകാര്യ മേഖലയിൽ ന്യൂയോർക്കുകാർക്ക് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നത് ഇവരാണെന്നും മംദാനി പറയുന്നു. എന്നാൽ കഴിഞ്ഞ നാലുവർഷമായി ഈ മേഖലയുടെ അവസ്ഥ പരിതാപകരമാണെന്നും മുൻ മേയറായ എറിക് ആഡംസ് ചെറുകിട വ്യവസായ മേഖലയെ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതാദ്യമായല്ല കുടിയേറ്റക്കാർ നടത്തുന്ന വ്യവസായ സംരംഭങ്ങളെക്കുറിച്ച് മംദാനി പരാമർശിക്കുന്നത്.

ചെറുകിട വ്യവസാ‍യ മേഖലയെ പരിഷ്കരിക്കുന്നതിനുള്ള പദ്ധതി ഈ വർഷം ആദ്യം അവതരിപ്പിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഇതിന്‍റെ ഭാഗമാ‍യി ഇവ നൽകേണ്ട ഫീസും പിഴയും 50 ശതമാനമായി കുറക്കുമെന്ന് മംദാനി പറഞ്ഞു. ഒപ്പം വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള അപേക്ഷകളിൽ വേഗം തീർപ്പ് കൽപ്പിച്ച് പെർമിറ്റുകൾ ലഭ്യമാക്കുമെന്നും 500 ശതമാനം ഫണ്ട് അധികമായി നിക്ഷേപിക്കുമെന്നും ബിസിനസ് എക്സ്പെർട്ട് സർവീസ് ടീമിനായി 20 മില്യൻ ഡോളർ വകയിരുത്തുമെന്നും മംദാനി പറഞ്ഞു. 

Tags:    
News Summary - Mamdani launches plan to support small businesses in New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.