മാലി ഭീകരാക്രമണം: പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

ബമാക്കോ: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ വിമതരും ഭീകര സംഘടനകളും നടത്തിയ ആസൂത്രിത ആക്രമണത്തിൽ പ്രതിരോധ മന്ത്രി ജനറൽ സാദിയോ കാമറ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ തലസ്ഥാനമായ ബമാക്കോക്ക് അടുത്തുള്ള കാറ്റിയിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെ നടന്ന ചാവേർ കാർ ബോംബ് ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മന്ത്രിയുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മാലിയിലെ സൈനിക ഭരണകൂടത്തിന്റെ ആസ്ഥാനമെന്ന് അറിയപ്പെടുന്ന കാറ്റിയിലെ അതീവ സുരക്ഷ മേഖലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം മന്ത്രിയുടെ വസതിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ മന്ത്രിയുടെ വീട് പൂർണ്ണമായും തകർന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും രണ്ട് പേരക്കുട്ടികളും ഈ ദുരന്തത്തിൽ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പായ ജെ.എൻ.ഐ. എം, വടക്കൻ മേഖലയിലെ ടുവാരെഗ് വിമതർ  എന്നിവർ ചേർന്നാണ് ഈ ആക്രമണങ്ങൾ നടത്തിയത്. മന്ത്രിയുടെ വസതിക്ക് പുറമെ, ബമാക്കോ അന്താരാഷ്ട്ര വിമാനത്താവളം, പ്രധാന സൈനിക താവളങ്ങൾ എന്നിവിടങ്ങളിലും ഒരേസമയം ആക്രമണങ്ങൾ ഉണ്ടായി.

മാലിയൻ സൈന്യത്തെ സഹായിച്ചിരുന്ന റഷ്യൻ സ്വകാര്യ സൈനിക ഗ്രൂപ്പായ 'ആഫ്രിക്ക കോർപ്സിനും' ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വടക്കൻ മാലിയെ തന്ത്രപ്രധാന നഗരമായ കിഡാൽ തങ്ങളുടെ നിയന്ത്രണത്തിലായെന്ന് വിമതർ അവകാശപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2020 ലെയും 2021 ലെയും മാലിയിലെ സൈനിക അട്ടിമറിയുടെ സൂത്രധാരന്മാരിൽ ഒരാളും ഭരണകൂടത്തിലെ കരുത്തനുമായിരുന്നു ജനറൽ സാദിയോ കാമറ. അദ്ദേഹത്തിന്റെ മരണം നിലവിലെ ഭരണകൂടത്തിന് കനത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണെന്നും സുരക്ഷ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഐക്യരാഷ്ട്രസഭയും ആഫ്രിക്കൻ യൂണിയനും അക്രമത്തെ അപലപിക്കുകയും സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Tags:    
News Summary - Mali Terror Attack: Defense Minister Sadio Camara Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.