പാരിസ്: റഷ്യൻ ആക്രമണത്തിന് അതിർത്തികളില്ല എന്നും ഇത് യുക്രെയ്നിൽ അവസാനിക്കില്ലെന്നും ഫ്രാൻസിനും യൂറോപ്പിനും നേരിട്ടുള്ള ഭീഷണിയാണെന്നുമുള്ള മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ‘ക്രൂരതയുടെ ലോകം’ പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്നും കാഴ്ചക്കാരായി തുടരുന്നത് ഭ്രാന്തായിരിക്കുമെന്നും രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ടെലിവിഷൻ പരിപാടിയിൽ മാക്രോൺ പറഞ്ഞു.
യു.എസ് തങ്ങളുടെ പക്ഷത്ത് നിന്ന് പിന്മാറിയാൽ അവരെ നേരിടാൻ സ്വയം തയ്യാറാകേണ്ടി വരുമെന്നും മാക്രോൺ വ്യക്തമാക്കി. യുക്രെയ്ൻ പ്രതിസന്ധി, യൂറോപ്യൻ സുരക്ഷ, അറ്റ്ലാന്റിക് വ്യാപാര യുദ്ധ ഭീഷണി എന്നിവയെക്കുറിച്ചുള്ള വോട്ടർമാരുടെ ഉത്കണ്ഠയെ ശാന്തമാക്കാനുള്ള ശ്രമവും മാക്രോണിന്റെ വാക്കുകളിലുണ്ടായി.
‘അന്താരാഷ്ട്ര സാഹചര്യവും യൂറോപ്പിനുണ്ടാവുന്ന അതിന്റെ അനന്തരഫലങ്ങളും മുൻനിർത്തി ഞാൻ ഇന്ന് രാത്രി നിങ്ങളോട് സംസാരിക്കുന്നു. ലോകക്രമത്തെ പിടിച്ചുകുലുക്കുന്ന ചരിത്ര സംഭവങ്ങളെ നേരിടുമ്പോൾ നിങ്ങൾ ന്യായമായും ആശങ്കാകുലരാണെന്ന് എനിക്കറിയാം. ഏകദേശം പത്ത് ലക്ഷം പേരുടെ മരണത്തിനും പരിക്കിനും കാരണമായ യുക്രെയ്നിലെ യുദ്ധം അതേ തീവ്രതയോടെ തുടരുന്നു. നമ്മുടെ സഖ്യകക്ഷിയായ യു.എസ് ഈ യുദ്ധത്തിൽ നിലപാട് മാറ്റി. അടുത്തതായി എന്ത് സംഭവിക്കുമെന്നത് സംശയമായി നിൽക്കുന്നു. യുക്രെയ്നിനെ കുറച്ചുകൂടി പിന്തുണക്കണം. വർധിച്ചുവരുന്ന ‘ക്രൂരമായ’ ലോകം ‘ഒരു പുതിയ യുഗത്തിലേക്ക്’ പ്രവേശിക്കുകയാണ്. ഈ അപകട ലോകത്ത് ഒരു കാഴ്ചക്കാരനായി തുടരുന്നത് ഭ്രാന്തായിരിക്കും. യു.എസ് നമ്മുടെ പക്ഷത്ത് തന്നെ തുടരുമെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, അങ്ങനെയല്ലെങ്കിൽ നമ്മൾ തയ്യാറായിരിക്കണമെന്നും’ മാക്രോൺ പറഞ്ഞു.
ഫ്രാൻസും യൂറോപ്പും യുക്രെയ്‌നെ സഹായിച്ചുകൊണ്ടിരിക്കണം. യുക്രെയ്‌നെ കയ്യൊഴിയുന്നതിലൂടെ സമാധാനത്തിലേക്കുള്ള ഒരു നീക്കവും സംഭവിക്കില്ല. ഒരു വിലകൊടുത്തും സമാധാനം ഇല്ലാതാക്കാൻ കഴിയില്ലെന്ന് റഷ്യയുമായി സമാധാന ചർച്ചകൾക്ക് യുക്രെയ്‌നെ നിർബന്ധിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ യുക്രെയ്‌നിൽ നിർത്തുമെന്ന് ആർക്കാണ് വിശ്വസിക്കാനാവുക? അദ്ദേഹം ചോദിച്ചു. ഇന്ന് മുൻനിരയിൽ വിന്യസിക്കപ്പെട്ട ഏതൊരു യൂറോപ്യൻ സേനയും അവരുമായി യുദ്ധം ചെയ്യില്ല. എന്നാൽ, ഒപ്പുവച്ചുകഴിഞ്ഞാൽ യുക്രെയ്നിൽ സമാധാനം ഉറപ്പാക്കാൻ അവിടെ ഉണ്ടാകുമെന്നും മാക്രോൺ പറഞ്ഞു.
ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് ഫ്രഞ്ച് ആണവ പ്രതിരോധം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് യൂറോപ്യൻ പങ്കാളികളുമായി ചർച്ച ചെയ്യുമെന്നും എന്നാൽ തീരുമാനവും നിയന്ത്രണവും എല്ലായ്പ്പോഴും ഫ്രഞ്ച് പ്രസിഡന്റിന്റെ കൈകളിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിന്റെ ഭാവി വാഷിംങ്ടണിലോ മോസ്കോയിലോ തീരുമാനിക്കരുത്.ഫ്രാൻസും യൂറോപ്പും യൂറോപ്യൻ സാധനങ്ങൾക്ക് തീരുവ ചുമത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസും യൂറോപ്പും പ്രതികരിക്കുമെന്നും ഡോണാൾഡ് ട്രംപിനെ പിന്തിരിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പുലർത്തി.
കഴിഞ്ഞയാഴ്ച സെലെൻസ്‌കിയുമായുള്ള ഓവൽ ഓഫിസിൽ നടന്ന സ്ഫോടനാത്മകമായ ഏറ്റുമുട്ടലിനെത്തുടർന്ന് യുക്രെയ്‌നിനുള്ള എല്ലാ നിർണായക യു.എസ് സൈനിക സഹായങ്ങളും താൽക്കാലികമായി നിർത്തിവെക്കാൻ ട്രംപ് ഉത്തരവിട്ടതിനെത്തുടർന്ന് യൂറോപ്യൻ നേതാക്കൾ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.