ന്യൂയോർക്: യു.എസിലെ ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രൈമറിയിൽ വിജയമുറപ്പിച്ച് ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി. ന്യൂയോർക് മുൻ ഗവർണറായ ആൻഡ്രൂ കൂമോയെയാണ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം കൂടിയായ 32കാരൻ മംദാനി പിന്നിലാക്കിയത്. 95 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ മംദാനി 43 ശതമാനം വോട്ടുകൾ നേടി മുന്നിലാണ്. മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസിലെ ഏറ്റവും വലിയ നഗരത്തെ നയിക്കുന്ന ആദ്യ മുസ്ലിമും ആദ്യ ഇന്ത്യൻ വംശജനുമാകും മംദാനി. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ന്യൂയോർക്.
ഇന്നലെ രാത്രി നടത്തിയ പ്രസംഗത്തിൽ ആൻഡ്രൂ കൂമോ പരാജയം സമ്മതിച്ചു. ഇന്ന് രാത്രി മംദാനിയുടേതാണ് എന്ന് പറഞ്ഞ കൂമോ, പരാജയം പരിശോധിക്കുമെന്നും പറഞ്ഞു. 67കാരനായ മുൻ ഗവർണർ 2021ൽ ലൈംഗികാതിക്രമ വിവാദത്തെ തുടർന്നാണ് സ്ഥാനം രാജിവെച്ചത്. രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിൽ അദ്ദേഹത്തിന് തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.
നവംബറിലാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇരുസഭകളിലും തിരിച്ചടിയേറ്റ ഡെമോക്രാറ്റുകൾ ജനപ്രീതി തിരിച്ചുപിടിക്കാനുള്ള ലിറ്റ്മസ് ടെസ്റ്റായാണ് ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിനെ കാണുന്നത്. മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്സ് ഉൾപ്പെടെയുള്ളവരുടെ പിന്തുണ മംദാനിക്കുണ്ടായിരുന്നു.
ഫലസ്തീന്‍ അനുകൂല നിലപാടുള്ള സോഷ്യലിസ്റ്റായ സൊഹ്റാൻ മംദാനി ഗസ്സയില്‍ നടക്കുന്നത് വംശഹത്യ എന്ന് വിശേഷിപ്പിച്ചതുള്‍പ്പെടെ തെരഞ്ഞെടുപ്പ് സംവാദത്തില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടൻ അക്കാദമീഷ്യൻ മഹ്മൂദ് മംദാനിയുടെയും മകനായി ഉഗാണ്ടയിലാണ് സൊഹ്റാൻ മംദാനിയുടെ ജനനം. അദ്ദേഹത്തിന് ഏഴ് വയസ്സുള്ളപ്പോൾ കുടുംബം ന്യൂയോർക്കിലേക്ക് താമസം മാറുകയായിരുന്നു. യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു മംദാനിയുടെ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.