ഗസ്സയിൽ ഹമാസ് പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികർ
തെൽഅവീവ്: ഗസ്സയിൽ അഞ്ച് ഇസ്രായേൽ സൈനികർ കൂടി ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ യുദ്ധം നിർത്താൻ ഇസ്രായേലിൽ മുറവിളി ഉയരുന്നു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്, ഡെമോക്രാറ്റ് ചെയർമാൻ യെയർ ഗോലാൻ തുടങ്ങിയവർ ആഹ്വാനം ചെയ്തു. ‘നമ്മുടെ പട്ടാളക്കാർക്ക് വേണ്ടി, അവരുടെ കുടുംബങ്ങൾക്കുവേണ്ടി, തട്ടിക്കൊണ്ടുപോയവർക്കുവേണ്ടി, സർവോപരി ഇസ്രായേൽ രാഷ്ട്രത്തിനുവേണ്ടി, ഈ യുദ്ധം അവസാനിപ്പിക്കൂ...!’ -ലാപിഡ് ആവശ്യപ്പെട്ടു. ‘സമഗ്രമായ ബന്ദി മോചന കരാർ ഉടൻ നടപ്പാക്കണം, നമ്മുടെ സഹോദരങ്ങളെ വീട്ടിലേക്ക് കൊണ്ടുവരണം, യുദ്ധം അവസാനിപ്പിക്കണം’ -എന്നാണ് ഡെമോക്രാറ്റ് ചെയർമാൻ യെയർ ഗോലാൻ അഭ്യർഥിച്ചത്.
ഞായറാഴ്ച രാത്രി വടക്കൻ ഗസ്സയിലെ ബയ്ത്ത് ഹാനൂനിൽ റോഡരികിൽ ഹമാസ് സ്ഥാപിച്ച ബോംബ് പൊട്ടി അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധത്തിനെതിരെ പൊതുജന രോഷം ഉയരുന്നത്. സ്റ്റാഫ് സർജന്റ് ഷിമോൻ അമാർ, മോശെ നിഷിം ഫ്രഞ്ച്, ബിന്യമിൻ അസുലിൻ, നോം അഷറോൺ മുസ്ഗാദിൻ, സ്റ്റാഫ് സർജന്റ് മോഷെ ഷ്മുവൽ നോൾ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നിലഗുരുതരമാണെന്നും ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു.
കഴിഞ്ഞ മാസം ഏഴുഇസ്രായേൽ സൈനികർ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന്, എല്ലാ ദിവസവും നമ്മുടെ സൈനികർ അവിടെ കൊല്ലപ്പെടുകയാണെന്നും എന്തിനാണതെന്നും ചോദിച്ച് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് രംഗത്തെത്തിയിരുന്നു. “ബന്ദി മോചന കരാർ ഉണ്ടാക്കി യുദ്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യുദ്ധം തുടരുന്നതിലൂടെ ഇനി ഒരു നേട്ടവും നേടാനാവില്ല. സുരക്ഷാ നഷ്ടം, രാഷ്ട്രീയ നഷ്ടം, സാമ്പത്തിക നാശനഷ്ടം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. എല്ലാ ദിവസവും നമ്മുടെ സൈനികർ കൊല്ലപ്പെടുന്നത് എന്തിനാണ്?” -അദ്ദേഹം ചോദിച്ചു. യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള സമയമാണിത്. ഇസ്രായേൽ ഇപ്പോഴും ഗസ്സയിൽ തുടരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. “ഹമാസിനെ ഇങ്ങനെയൊന്നും ഇല്ലാതാക്കാനാകില്ല. ഗസ്സയിൽ ഒരു ബദൽ സർക്കാർ ഇല്ലാത്തിടത്തോളം കാലം ഹമാസ് ഇല്ലാതാകില്ല. ഐ.ഡി.എഫിനെ പുനർവിന്യസിക്കണം. ഹമാസിനെ ഇല്ലാതാക്കുന്നതിനുള്ള ഒരു ദീർഘകാല പദ്ധതി രൂപപ്പെടുത്തുകയും സ്വമേധയാ ഉള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം’ -അദ്ദേഹം ആവശ്യപ്പെട്ടു. ‘ഹമാസിനെ ഇല്ലാതാക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു, പക്ഷേ, ഒരു ബദൽ സർക്കാർ ഗസ്സയിൽ ചുമതലയേൽക്കാത്തിടത്തോളം കാലം ഹമാസ് ഇല്ലാതാകില്ല. ഈജിപ്തിനെയും മറ്റ് അറബ് രാജ്യങ്ങളെയും ഗസ്സയുടെ നിയന്ത്രണം ഏൽപിക്കുന്നതിനുള്ള പ്രക്രിയ ഒരു വർഷം മുമ്പെങ്കിലും നമ്മൾ ആരംഭിക്കേണ്ടതായിരുന്നു’ -ലാപിഡ് പറഞ്ഞു.
അതിനിടെ, ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിൽ കഴിഞ്ഞ ദിവസം ചർച്ച തുടങ്ങിയിരുന്നു. ഇസ്രായേൽ പ്രതിനിധി സംഘം ദോഹയിലെത്തി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിർത്തൽ നിർദേശത്തിലാണ് ചർച്ച. ഇക്കാലയളവിൽ യുദ്ധവിരാമം സംബന്ധിച്ച് ചർച്ച നടത്തും. ഇതിനോട് അനുകൂലമായി പ്രതികരിച്ച ഹമാസ്, യുദ്ധവിരാമത്തെക്കുറിച്ചും ഇസ്രായേൽ സൈനികർ ഗസ്സ വിടുന്നത് സംബന്ധിച്ചും ഉറപ്പുലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഗസ്സയിൽ ഭക്ഷണ വിതരണം യു.എൻ ഏജൻസിക്ക് കീഴിലാക്കണമെന്നും ഇസ്രായേൽ സൈനിക സാന്നിധ്യം കരാറിൽ അംഗീകരിച്ച ഭാഗങ്ങളിൽ മാത്രമാകണമെന്നും ആവശ്യപ്പെട്ടു. അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ചക്ക് വാഷിങ്ടണിലെത്തി. സന്ദർശനത്തിനിടെ ട്രംപിനെ സമാധാന നൊബേലിന് ഇസ്രായേൽ ശിപാർശ ചെയ്തതായി നെതന്യാഹു ട്രംപിനെ അറിയിച്ചിരുന്നു. നാമനിർദേശത്തിന്റെ പകർപ്പ് വൈറ്റ് ഹൗസിൽ നടന്ന ഡിന്നറിനിടെ നെതന്യാഹു ട്രംപിന് കൈമാറി. അദ്ദേഹം ഒന്നിനെ പിറകെ ഒന്നായി ലോക രാജ്യങ്ങളിൽ സമാധാനം കെട്ടിപ്പടുക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.