ഇന്തോനേഷ്യയിലെ മണ്ണിടിച്ചിൽ; മരിച്ചവരുടെ എണ്ണം 18 ആയി

ജക്കാർത്ത: ഇന്തോനേഷ്യയിലെ സെൻട്രൽ ജാവ പ്രവിശ്യയിലെ രണ്ട് പ്രദേശങ്ങളിലായി മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിൽ 18 പേർ മരിച്ചു. സിലകാപ്പ് നഗരത്തിലെ സിബ്യൂണിങ് ഗ്രാമത്തിൽ ഒരു ഡസൻ വീടുകൾ മണ്ണിനടിയിലായതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. അവശിഷ്ടങ്ങളുടെ ഇടയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.


25 അടിയോളം താഴ്ചയിൽ ഭൂമിക്കടിയിൽ മനുഷ്യർ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം സങ്കീർണമാണെന്ന് അവർ കൂട്ടിച്ചേർത്തു. സിലകാപ്പിൽ മാത്രം കുറഞ്ഞത് 16 പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്തതായി തിരച്ചിൽ, രക്ഷ ഏജൻസിയുടെ പ്രാദേശിക വിഭാഗം മേധാവി എം. അബ്ദുല്ല പറഞ്ഞു.


സെൻട്രൽ ജാവയിലെ ബഞ്ചാർനെഗര മേഖലയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും 27 പേരെ കാണാതാവുകയും ചെയ്തതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. 30 ഓളം വീടുകളും കൃഷിയിടങ്ങളും തകർന്നതായി റിപ്പോർട്ടുണ്ട്. സെപ്റ്റംബറിൽ ആരംഭിച്ച മഴക്കാലം ഏപ്രിൽ വരെ നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ ഏജൻസി അറിയിച്ചത്.


ദേശീയ തിരച്ചിൽ, രക്ഷാപ്രവർത്തന ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ഇരകളെ തിരയുന്ന രക്ഷാപ്രവർത്തകരെ കാണാം. കാലാവസ്ഥ നിരീക്ഷണകേന്ദ്രം ജിയോഫിസിക്സ് ഏജൻസി എന്നിവ അതിതീവ്ര കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ദുരന്തങ്ങൾക്ക് കാരണമാകുമെന്നും വരും ആഴ്ചകളിൽ ഇന്തോനേഷ്യയിലെ നിരവധി പ്രദേശങ്ങളിൽ ഉയർന്ന മഴ ലഭിക്കുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. 

Tags:    
News Summary - Landslides in Central Java kill 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.