എന്നെ കോളറിനു പിടിച്ച് തറയിലേക്ക് തള്ളിയിട്ടു; സഹോദരൻ വില്യമിന്റെ മർദ്ദനത്തെ കുറിച്ച് ഹാരി രാജകുമാരൻ
ലണ്ടൻ: ഈ മാസം 10നാണ് ഹാരി രാജകുമാരന്റെ ആത്മകഥയായ സ്‍പെയർ പുറത്തിറങ്ങുക. ആത്മകഥയിൽ ബ്രിട്ടനിലെ രാജകുടുംബത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. പ്രത്യേകിച്ച് സഹോദരൻ വില്യം രാജകുമാരന്റെ പ്രവൃത്തികളെ കുറിച്ച്.
അമേരിക്കൻ നടിയായ മേഗൻ മാർക്കിളിനെ വിവാഹം കഴിച്ചതോടെയാണ് ഹാരിയും സഹോദരൻ വില്യം രാജകുമാരനുമായുള്ള ബന്ധം തകർന്നത്. മേഗനെ കുറിച്ചു വാഗ്വാദങ്ങൾക്കിടെ വില്യം ഹാരിയെ മർദ്ദിച്ചതായും പുസ്തകത്തിൽ പറയുന്നുണ്ട്. മര്യാദയില്ലാത്തവൾ, പരുക്കൻ പ്രകൃതക്കാരി എന്നൊക്കെയാണ് വില്യം മേഗനെ വിളിച്ചിരുന്നത്. വില്യം മേഗനെ അധിക്ഷേപിച്ച വാക്കുകൾ ഹാരി ആവർത്തിക്കുന്നുണ്ട്. ഒരിക്കൽ വഴക്കിനിടെ വില്യം ഹാരിയുടെ കോളറിനു പിടിക്കുക പോലും ചെയ്തു.
''എല്ലാം സംഭവിച്ചത് വളരെ വേഗത്തിലായിരുന്നു. വില്യം എന്റെ കോളറിനു പിടിച്ചു. വാതിലിനടുത്തേക്ക് പിടിച്ചു തള്ളി. പട്ടിക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലാണ് ഞാൻ ചെന്നു വീണത്. അത് നുറുങ്ങിപ്പോയി. അതിന്റെ ചീളുകൾ എന്റെ ദേഹത്ത് മുറിവുണ്ടാക്കി. ഒരു നിമിഷം ഞാനവിടെ തന്നെ കിടന്നു. പിന്നീട് എന്നോട് ഇറങ്ങിപ്പോകാൻ പറയുകയായിരുന്നു''-എന്നാണ് സഹോദരന്റെ മർദ്ദനത്തെ കുറിച്ച് ഹാരി വിവരിക്കുന്നത്.
തർക്കത്തിനിടെ മുറിവേറ്റ പാട് ഇപ്പോഴും തന്റെ ദേഹത്തുണ്ടെന്നും ഹാരി അവകാശപ്പെടുന്നു. രാജകുടുംബാംഗങ്ങളുടെ പീഡനം സഹിക്കാനാവാതെയാണ് ഹാരിയും മേഗനും രാജപദവികൾ ഒഴിഞ്ഞ് 2020ൽ യു.എസിലേക്ക് താമസം മാറ്റിയതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് ഇതെ കുറിച്ച് പല അഭിമുഖങ്ങളിലും ഹാരിയും മേഗനും വെളിപ്പെടുത്തുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.