ഹാരി രാജകുമാരനും മേഗൻ മാർക്കിളും
ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രധാന പദവികൾ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ചേക്കേറിയ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും യു.കെയിലേക്ക് തിരിച്ചുവരുന്നു. കാലിഫോർണിയയിലെ ജീവിതം അവസാനിപ്പിച്ച് ഈ മാസം തന്നെ ലണ്ടന് സമീപമുള്ള ഒരു സ്വകാര്യ വസതിയിലേക്ക് മാറാനാണ് ദമ്പതികളുടെ തീരുമാനം. എന്നാൽ, രാജകുടുംബത്തിലെ ഔദ്യോഗിക ജോലി ചെയ്യുന്ന അംഗങ്ങളെന്ന പദവിയിലേക്ക് അവർ തിരിച്ചെത്തില്ലെന്നും സ്വകാര്യ വ്യക്തികളായി മാത്രമായിരിക്കും തുടരുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹാരിയുടെയും മേഗന്‍റെയും മടങ്ങിവരവിനെക്കുറിച്ച് ചാൾസ് രാജാവ് അറിയുന്നത് കഴിഞ്ഞ ഞായറാഴ്ച മാത്രമാണ്. കഴിഞ്ഞ ജൂലൈയിൽ സസെക്സ് പ്രഭു കുടുംബം യു.കെ സന്ദർശിച്ച വേളയിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നില്ല. എങ്കിലും കുടുംബാംഗങ്ങളെ കൂടുതൽ അടുത്ത് കാണാൻ കഴിയുന്നതിൽ ചാൾസ് രാജാവിന് സന്തോഷമുണ്ടെന്നാണ് റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നത്.
ബിബിസി റിപ്പോർട്ട് പ്രകാരം, ഹാരിയുടെയും മേഗന്റെയും മക്കളായ ഏഴുവയസ്സുകാരൻ പ്രിൻസ് ആർച്ചി, അഞ്ചുവയസ്സുകാരി പ്രിൻസസ് ലിലിബറ്റ് എന്നിവരെ അടുത്ത അധ്യയന വർഷത്തിനായി ബ്രിട്ടീഷ് സ്കൂളിൽ ചേർത്തിട്ടുണ്ട്. പ്രിൻസ് വില്യംസിനെയും കേറ്റയെയും ഈ പുതിയ മാറ്റങ്ങളെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
2020 മാർച്ചിലാണ് ഹാരിയും മേഗനും സജീവ രാജകുടുംബ പദവികളിൽ നിന്ന് പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്. ആദ്യം കാനഡയിലേക്ക് മാറിയ ഇവർ പിന്നീട് അമേരിക്കയിലെ കാലിഫോർണിയയിലെ മോണ്ടിസിറ്റോയിൽ വീട് വാങ്ങി സ്ഥിരതാമസമാക്കി. മാധ്യമങ്ങളുടെ കടുത്ത നിരീക്ഷണവും സുരക്ഷാ ആശങ്കകളും കൊട്ടാരത്തിലെ ആഭ്യന്തര പ്രശ്നങ്ങളുമാണ് നാടുവിടാൻ കാരണം. തുടർന്ന് 2021ൽ ഒപ്ര വിൻഫ്രിയുമായുള്ള അഭിമുഖം, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി, ഹാരിയുടെ ആത്മകഥയായ 'സ്പെയർ' എന്നിവയിലൂടെ രാജകുടുംബവുമായുള്ള അകൽച്ച പരസ്യമായി.
സമീപകാലത്തായി ചാൾസ് രാജാവും ഹാരിയും തമ്മിലുള്ള ബന്ധത്തിൽ ചെറിയ തോതിലുള്ള അയവുകൾ വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ചാൾസ് രാജാവ് ഹാരിയെയും കുടുംബത്തെയും ഹൈഗ്രോവിലേക്ക് ക്ഷണിക്കുകയുണ്ടായി. 2022-ന് ശേഷം ആദ്യമായാണ് രാജാവ് ആർച്ചിനെയും ലിലിബറ്റിനെയും നേരിട്ട് കാണുന്നത്.
എന്നിരുന്നാലും, ജ്യേഷ്ഠനായ പ്രിൻസ് വില്യംസുമായുള്ള ബന്ധം ഇപ്പോഴും വഷളായി തന്നെ തുടരുകയാണ്. കൂടാതെ, യു.കെയിലെ സുരക്ഷാ ചുമതലകളും, മുൻപ് നികുതിദായകരുടെ പണത്തിൽ ലഭിച്ചിരുന്ന സുരക്ഷാ പരിരക്ഷ വെട്ടിക്കുറച്ചതിനെതിരെ ഹാരി പരാജയപ്പെട്ട നിയമപോരാട്ടങ്ങളും ഈ മടങ്ങിവരവോടെ വീണ്ടും മാധ്യമശ്രദ്ധ ആകർഷിക്കുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.