സിറിയൻ വിദേശകാര്യ മന്ത്രി അസാദുൽ ശയ്ബാനി

സിറിയയിൽ തുർക്കിയ സൈനികരെ വിന്യസിച്ചിട്ടില്ല; നെതന്യാഹുവിന്റെ അവകാശവാദത്തെ തള്ളി സിറിയൻ വിദേശകാര്യ മന്ത്രി

ഡമസ്കസ്: ഇസ്രായേൽ വ്യോമാക്രമണം നടത്തിയ അബു അൽ-ദുഹൂർ വ്യോമത്താവളത്തിൽ തുർക്കിയ സൈനിക താവളമോ സങ്കേതമോ സ്ഥാപിക്കാൻ യാതൊരുവിധ പദ്ധതിയുമില്ലെന്ന് സിറിയൻ വിദേശകാര്യ മന്ത്രി അസാദുൽ ശയ്ബാനി വ്യക്തമാക്കി. ഈ വ്യോമത്താവളം സിറിയൻ വ്യോമസേനയുടെ ഉപയോഗത്തിനായി പുനർനിർമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചയാണ് സിറിയയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഈ വ്യോമത്താവളത്തിൽ ഇസ്രായേൽ എട്ട് വ്യോമാക്രമണങ്ങൾ നടത്തിയത്. ഈ നടപടി പ്രദേശത്ത് അനാവശ്യമായ സംഘർഷങ്ങൾക്ക് കാരണമായതായി യു.എസ് പ്രതിനിധിയും പ്രതികരിച്ചിരുന്നു.

സൈനിക പരിശീലനത്തിന്റെയും വിശാലമായ സൈനിക സഹകരണത്തിന്റെയും ഭാഗമായി തുർക്കിയ സൈനിക ഉദ്യോഗസ്ഥർ ഈ താവളം സന്ദർശിച്ചിരുന്നുവെന്ന്. എന്നാൽ അവിടെ തുർക്കിയയുടെ സൈനിക സാന്നിധ്യമോ സ്ഥിരമായ സൈനിക വിന്യാസമോ ലക്ഷ്യമിട്ടിരുന്നില്ലെന്നും, ആ പ്രദേശം ഒഴിഞ്ഞുകിടക്കുന്നതും പൂർണമായി പ്രവർത്തനക്ഷമമല്ലാത്തതുമാണെന്നും വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. അവിടൊരു തുർക്കിയ താവളം സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിറിയയിൽ തുർക്കിയ സൈനികരുടെ സാന്നിധ്യം അനുവദിക്കരുതെന്നും അത് ഇസ്രയേലിന്റെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് സിറിയക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് സിറിയൻ വിദേശകര്യ മന്ത്രി വിശദീകരണവുമായജ രംഗത്ത് വന്നത്. ഇസ്രായേലിന്റെ ഈ ആക്രമണത്തിന് യാതൊരുവിധ ന്യായീകരണവുമില്ലെന്ന് സിറിയ തുറന്നടിച്ചു.

അമേരിക്കയുടെ മാധ്യസ്ഥതയിൽ ഒരു വർഷം നീണ്ട ചർച്ചകൾക്ക് ശേഷം സുരക്ഷാ കരാറുമായി ബന്ധപ്പെട്ട് കാര്യമായ പുരോഗതി ഉണ്ടായിരുന്നെങ്കിലും, പിന്നീട് ഇസ്രായേൽ ആ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും സിറിയ ആരോപിച്ചു. എങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾക്ക് സിറിയ ഇപ്പോഴും തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും, എന്നാൽ ഭാവിയിലുണ്ടാകുന്ന ഏത് കരാറും രാജ്യത്തിന്റെ പരമാധികാരം പൂർണമായി മാനിക്കുന്നതായിരിക്കണമെന്നും വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Syria says no Turkish military build-up planned at airbase struck by Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.