അമേരിക്കയുടെ കടബാധ്യതയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കം; ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ

തെഹ്‌റാൻ: ഇറാനെതിരെ 'ഏറ്റവും ശക്തമായ സാമ്പത്തിക നീക്കം' നടത്തുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.  വാഷിങ്ടൺ ആഗോള സമ്പദ്‌വ്യവസ്ഥയെ 'സാമ്പത്തിക തീവ്രവാദത്തിലൂടെ' ഭീഷണിപ്പെടുത്തുകയാണെന്നും പരാജയപ്പെട്ട നയങ്ങളിൽ വീണ്ടും ഉറച്ചുനിൽക്കുന്നത് അമേരിക്കക്ക് കൂടുതൽ പരാജയങ്ങളും ഇറാനികളുടെ ശത്രുതയും മാത്രമേ സമ്മാനിക്കൂ എന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി.

ഇറാനെതിരായ ഉപരോധത്തിലൂടെ വാഷിങ്ടണിന്റെ അഭൂതപൂർവ്വമായ കടബാധ്യതയും കുതിച്ചുയരുന്ന പലിശച്ചെലവുകളും പൊതുജനങ്ങളിൽ നിന്ന് മറച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അരാഗ്ചി ആരോപിച്ചു. രാജ്യത്തിനകത്തെ സാമ്പത്തിക അസ്ഥിരതകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭരണകൂടം ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ പുറത്തെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ഈ 'സാമ്പത്തിക തീവ്രവാദം' ആഗോള സമ്പദ്‌വ്യവസ്ഥക്കും ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പരമാധികാരത്തിനും കടുത്ത ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.എസിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചുള്ള പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചാണ് അരാഗ്ചി അമേരിക്കക്കെതിരെ ആഞ്ഞടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ അമേരിക്കയുടെ ഫെഡറൽ കടം 40 ട്രില്യൺ ഡോളറിലെത്തിയിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രതീക്ഷിച്ചതിലും വളരെ വേഗത്തിലാണ് അമേരിക്ക ഈ ഭീമാകാരമായ കടക്കെണിയിലേക്ക് എത്തിച്ചേർന്നത്. 2028 സാമ്പത്തിക വർഷത്തിൽ മാത്രമേ ഈ പരിധി കടക്കൂ എന്നായിരുന്നു കോൺഗ്രഷണൽ ബജറ്റ് ഓഫീസ് 2023 മെയ് മാസത്തിൽ പ്രവചിച്ചിരുന്നത്.

എന്നാൽ ട്രഷറി വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ മാത്രം ദേശീയ കടം 1 ട്രില്യൺ ഡോളർ വർധിച്ചു. കൂടാതെ, ഫെഡറൽ സർക്കാരിന്റെ ചെലവുകൾ അത് ശേഖരിക്കുന്ന വരുമാനത്തേക്കാൾ വളരെ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. സെപ്റ്റംബർ 30-ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസത്തിനുള്ളിൽ തന്നെ സർക്കാർ 1.8 ട്രില്യൺ ഡോളറിന്റെ കമ്മിയാണ് നേരിട്ടിരിക്കുന്നത്. ഇറാനെതിരെ തുടർച്ചയായി പ്രയോഗിക്കുന്ന ഇത്തരം ഉപരോധ നടപടികൾ ഫലം കാണില്ലെന്നും, മറിച്ച് അത് അമേരിക്കയെത്തന്നെയാകും കൂടുതൽ പ്രതിസന്ധിയിലാക്കുകയെന്നും ഇറാൻ ഭരണകൂടം ആവർത്തിച്ച് വ്യക്തമാക്കുന്നു. 

Tags:    
News Summary - Iran’s FM says Trump’s ‘Economic D-Day’ will bring ‘further defeat’ to US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.