സ്വന്തം രാജ്യത്തെ പ്രതിഷേധം ശമിപ്പിച്ച് കഴിവ് തെളിയിക്കൂ, മറ്റ് രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത് നിർത്തൂ; ട്രംപി​നെ വെല്ലുവിളിച്ച് ഖാംനഈ

തെഹ്റാൻ. യു.എസിൽ നടക്കുന്ന പ്രതി​ഷേധങ്ങൾ ഇല്ലാതാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഈ. സ്വന്തം രാജ്യത്ത് തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ഇല്ലാതാക്കി കഴിവു തെളിയിക്കൂ എന്നാണ് ട്രംപിനോട് ഖാംനഈ ആവശ്യപ്പെട്ടത്. ഡോണൾഡ് ട്രംപിന്റെ ഏകാധിപത്യ പ്രവണതകൾക്കും അഴിമതിക്കുമെതിരെയാണ് യു.എസിലുടനീളം പ്രതിഷേധം നടക്കുന്നത്.

''താങ്കൾക്ക് കഴിവുണ്ടെങ്കിൽ അവരെ ശാന്തരാക്കൂ. എന്നിട്ട് അവരെ തിരിച്ച് വീടുകളിലേക്ക് തിരിച്ചയക്കൂ. മറ്റുരാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കൂ​''എന്നാണ് ഖാംനഈ ചൊവ്വാഴ്ച എക്സിൽ കുറിച്ചത്. 'റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് ദശലക്ഷം ജനങ്ങള്‍ നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങളിലായി ഈ വ്യക്തിക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ശരിക്കും കഴിവുണ്ടെങ്കില്‍ നിങ്ങളുടെ സ്വന്തം ആളുകള്‍ ശാന്തരായിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടരുത്' -ഖാംനഈ എക്‌സില്‍ കുറിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലും ന്യൂയോര്‍ക്കിലും ലോസ് ആഞ്ജൽസിലുമുള്‍പ്പെടെ നിരവധി യു.എസ് സംസ്ഥാനങ്ങളിൽ ട്രംപിനെതിരെ നടക്കുന്ന 'നോ കിങ്' പ്രതിഷേധങ്ങളുടെ ചിത്രങ്ങളും ഖാംനഈ പങ്കുവെച്ചിട്ടുണ്ട്.

അമേരിക്കയില്‍ രാജാക്കന്മാരില്ല, അധികാരം ജനങ്ങളുടേതാണ് എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ സംസ്ഥാനങ്ങളിലായി ജനങ്ങള്‍ തെരുവിലിറങ്ങുകയാണ്. വാഷിങ്ടണിലും ന്യൂയോര്‍ക്കിലും ലോസ് ആഞ്ജൽസിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും ഡെന്‍വറിലും സാന്‍ഡിയാഗോയിലും ഫിലിയിലും തുടങ്ങി ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വരെ ട്രംപിനെതിരെ മുദ്രാവാക്യങ്ങൾ ഉയരുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ ജനാധിപത്യവിരുദ്ധമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

റിപ്പോർട്ടുകളനുസരിച്ച് ഒക്ടോബർ 18ന് 70 ലക്ഷം ആളുകളാണ് നോ കിങ്സ് പ്രതിഷേധത്തിൽ പങ്കാളികളായത്. യു.എസിലെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. ഇറാനുമായി ആണവ ചർച്ച പുനരാരംഭിക്കാൻ തയാറാണെന്ന ട്രംപിന്റെ വാഗ്ദാനം ഇറാൻ പരമോന്നത നേതാവ് തള്ളിയിരുന്നു.

താനൊരു ഡീൽമെയ്ക്കർ ആണെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ആ ഡീലിൽ നിർബന്ധം ചെലുത്തുകയും അതിന്റെ ഫലം മുൻകൂട്ടി നിശ്ചയിച്ചിരിക്കുകയും ചെയ്താൽ, അത് ഒരു ഡീൽ അല്ല മറിച്ച് ഒരു അടിച്ചേൽപ്പിക്കലും ഭീഷണിപ്പെടുത്തലുമാണ്''എന്നും ഖാംനഈ എക്സിൽ കുറിച്ചു. ഇറാന്റെ ആണവ മേഖല ബോംബിട്ട് തകർക്കുമെന്നാണ് യു.എസ് പ്രസിഡന്റ് അഭിമാനത്തോടെ പറയുന്നത്. നല്ലത് തന്നെ...സ്വപ്നം കാണുന്നത് തുടരൂ... എന്നാണ് അദ്ദേഹത്തോട് പറയാനുള്ളത്-ഖാംനഈ പറഞ്ഞു.

ഇറാനും യു.എസും തമ്മിൽ അഞ്ചുതവണയാണ് ആണവ ചർച്ചകൾ നടന്നത്. ജൂണിൽ ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു മേൽ ഇസ്രായേലും യു.എസും ബോംബിട്ടതോടെ എല്ലാ ചർച്ചകളും അവസാനിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Khamenei mocks Trump amid rising 'No Kings' protests in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.