ഗസ്സ സിറ്റി വളഞ്ഞ് ഇസ്രായേൽ സൈന്യം; താമസക്കാർ ഉടൻ സ്ഥലം വിടണം, അല്ലാത്തവരെ ഭീകരവാദികളായി കണക്കാക്കുമെന്നും ഭീഷണി

ഗസ്സ സിറ്റി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ പദ്ധതിക്ക് ഹമാസിന്‍റെ പ്രതികരണം കാത്തുനിൽക്കുന്നതിനിടെയും ഗസ്സ സിറ്റിയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഇസ്രായേൽ സൈന്യം ഗസ്സ സിറ്റി വളഞ്ഞതായും അവശേഷിക്കുന്ന താമസക്കാർക്ക് നഗരം വിടാനുള്ള അവസാന അവസരമാണിതെന്നും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു.

നിർദേശം പാലിക്കാതെ നഗരത്തിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്നും കാറ്റ്സ് അന്ത്യശാസനം നൽകി. ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിന്‍റെ വെടിവെപ്പിൽ ഇന്ന് മാത്രം 35 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് കാറ്റ്സിന്‍റെ ഭീഷണി. ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനാണ് ഇസ്രായേൽ നീക്കം. ഇതിന്‍റെ ഭാഗമായി നഗരത്തിലേക്കുള്ള റോഡ് അടച്ചു. ആക്രമണത്തെ തുടർന്ന് റെഡ് ക്രോസ് ഇവിടുത്തെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ‘ഗസ്സയെ ഇസ്രയേൽ സൈന്യം വളഞ്ഞു. തെക്കോട്ട് പോകുന്നവർക്ക് ഇസ്രായേൽ സൈന്യത്തിന്റെ പരിശോധനാ ചെക്ക്പോസ്റ്റുകൾ വഴി മാത്രമേ കടന്നുപോകാവൂ. ഗസ്സ നിവാസികൾക്ക് സ്ഥലംവിടാനുള്ള അവസാന അവസരമാണ്. ഹമാസിനെ നഗരത്തിൽ ഒറ്റപ്പെടുത്താനും സൈനിക നടപടി ശക്തിപ്പെടുത്താനുമാണ് നീക്കം. ഗസ്സയിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കും’ -കാറ്റ്സ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനുള്ള പാതയിലാണ് തങ്ങളെന്നും ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ നിരായുധീകരിക്കാനുമുള്ള നീക്കത്തിലാണ് സൈന്യമെന്നും കാറ്റ്സ് എക്സിൽ കുറിച്ചു. യു.എസിന്റെ ഗസ്സ സമാധാന പദ്ധതി സംബന്ധിച്ച് പ്രതികരണം നടത്താൻ ഹമാസിന് നാല് ദിവസത്തെ സമയമാണ് പരമാവധി നൽകുകയെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഹമാസിന്റെ ഉത്തരം നോയെന്നാണെങ്കിൽ അത് ദുഃഖകരമായ അന്ത്യത്തിലേക്ക് കാരണമാവുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഗസ്സ സമാധാനപദ്ധതിയിൽ ചർച്ചകളുണ്ടാവുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

ഗസ്സ യുദ്ധം അവസാനിപ്പിക്കാനും പ്രദേശത്തിന്‍റെ പുനർനിർമാണത്തിനുമായി 20 ഇന പദ്ധതിയാണ് യു.എസിന്‍റെ കാർമികത്വത്തിൽ തയാറാക്കിയത്. ട്രംപിന്‍റെ പ്രത്യേക താൽപര്യത്തിൽ യു.എസിന്‍റെ പശ്ചിമേഷ്യയിലെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് പദ്ധതി തയാറാക്കിയത്. യു.എൻ ജനറൽ അസംബ്ലിക്കായി യു.എസിലെത്തിയ വിവിധ അറബ്, മുസ്ലിം രാജ്യങ്ങൾക്ക് ഈ പദ്ധതിയുടെ കരട് കൈമാറിയതായാണ് സൂചന. പ്രധാന അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വിറ്റ്കോഫിനെ തന്നെ അവരുമായി സംസാരിക്കാനും നിയോഗിച്ചിരിക്കുകയാണ്.

ഗസ്സയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് പ്രദേശം ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നുവെന്ന ട്രംപിന്‍റെ ഫെബ്രുവരിയിലെ വിവാദ പ്രസ്താവനയിൽ നിന്നുള്ള പിന്നോക്കം പോകലിന്‍റെ സൂചനകളും പദ്ധതിയുടെ കരടിലുണ്ട്. ഹമാസിനെ നിരായുധീകരിച്ച്, ഫലസ്തീനികളെ ഗസ്സയിൽ തന്നെ തുടരാൻ പ്രാപ്തരാക്കുന്ന വിശാലമായ പദ്ധതിയിൽ ഇരുരാഷ്ട്ര പരിഹാരത്തിലേക്കുള്ള പാതയും തുറക്കുന്നു. ‘നിരായുധീകരണം’ എന്നത് ഹമാസിനും ‘ഇരുരാഷ്ട്രം’ എന്നത് ഇസ്രയേലിനും അചിന്ത്യമായതിനാൽ എത്രത്തോളം ഈ പദ്ധതി ഫലപ്രാപ്തിയിലെത്തുമെന്ന് അറിയാനിരിക്കുന്നതേയുള്ളു.

Tags:    
News Summary - Katz: IDF has nearly encircled Gaza City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.