അർഫത് ഷെയ്ഖ്
കശ്മീരി ചലച്ചിത്ര സംവിധായകൻ അർഫത് ഷെയ്ഖിനെ യു.എസിൽ തടവിലാക്കി ഇമിഗ്രേഷൻ വിഭാഗം; സാധുവായ രേഖകളുണ്ടായിട്ടും വാറന്റില്ലാതെ നടപടിയെന്ന് ആക്ഷേപം
വാഷിംഗ്ടൺ: 2019 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പ്രമുഖ കശ്മീരി ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അർഫത് ഷെയ്ഖിനെ വാഷിംഗ്ടൺ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് തടവിലാക്കി. വാഷിംഗ്ടൺ ഡി.സിയിലെ 'ബസ്ബോയ്‌സ് ആൻഡ് പോയറ്റ്‌സ്' സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച 'ആർട് ആസ് റെസിസ്റ്റൻസ് ' എന്ന ചർച്ചാ പാനലിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെ സെപ്റ്റംബർ 24-നാണ് നാടകീയമായ അറസ്റ്റ് നടന്നതെന്ന് അദ്ദേഹത്തിന്റെ മോചനത്തിനായി രൂപീകരിച്ച കൂട്ടായ്മ വ്യക്തമാക്കി.
പ്രമുഖ എഴുത്തുകാരിയും സംവിധായികയുമായ താര ദൊറാബ്ജിക്കൊപ്പം വിമാനമിറങ്ങിയ ഉടൻ നിരവധി 'ഐസ്' ഉദ്യോഗസ്ഥർ സംഘടിച്ചെത്തി ഷെയ്ഖിനെ വളയുകയും തടങ്കലിലാക്കുകയുമായിരുന്നു. നിയമപരമായ ഇമിഗ്രേഷൻ രേഖകൾ കൈവശം കാണിച്ചിട്ടും യാതൊരുവിധ വാറന്റുമില്ലാതെയാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് 'ഫ്രീ അർഫത് ഷെയ്ഖ് ക്യാമ്പയിൻ' ആരോപിച്ചതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്തു.
നിയമപരമായി തുടരുന്ന വ്യക്തി; രാഷ്ട്രീയ അഭയാർത്ഥി അപേക്ഷ പരിഗണനയിൽ
2019-ൽ ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സിനിമയിൽ ഉപരിപഠനം നടത്തുന്നതിനായി നിയമപരമായ സ്റ്റുഡന്റ് വിസയിലാണ് അർഫത് ഷെയ്ഖ് അമേരിക്കയിലെത്തിയത്. തുടർന്ന് 2020-ൽ അദ്ദേഹം അവിടെ രാഷ്ട്രീയ അഭയത്തിനായി അപേക്ഷ നൽകി. നിലവിൽ ഈ അപേക്ഷ ഇമിഗ്രേഷൻ കോടതിയുടെ പരിഗണനയിലാണ്.
അമേരിക്കയിൽ ജീവിക്കാനും ജോലി ചെയ്യാനുമുള്ള ഔദ്യോഗിക അനുമതി അദ്ദേഹത്തിനുണ്ട്. നിലവിൽ വിർജീനിയയിലെ അലക്സാണ്ട്രിയയിലാണ് ഷെയ്ഖ് താമസിക്കുന്നത്. ഇത്തരത്തിൽ നിയമപരമായ അവകാശങ്ങൾ നിലനിൽക്കെ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തെ പിടികൂടി തടങ്കൽ പാളയത്തിലേക്ക് മാറ്റിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കലാകാരന്മാരും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ സംവിധായകൻ
സ്വത്വം, പലായനം, മനുഷ്യാവകാശം, സംഘർഷബാധിത പ്രദേശങ്ങളിലെ അതിജീവനം എന്നിവയെ ആസ്പദമാക്കി സിനിമകളും ഡോക്യുമെന്ററികളും നിർമ്മിക്കുന്ന കലാകാരനാണ് കശ്മീരിൽ ജനിച്ചു വളർന്ന അർഫത് ഷെയ്ഖ്. കശ്മീരിലെ പതിറ്റാണ്ടുകൾ നീണ്ട സംഘർഷങ്ങളും സാധാരണ കുടുംബങ്ങളുടെ തീരാദുരിതങ്ങളും പ്രമേയമാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ചിത്രമായ 'സാഫ്രോൺ കിംഗ്ഡം' അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
ഷിക്കാഗോ ഫിലിംമേക്കേഴ്സ് അവാർഡ്സ്, എൽ.എ ഫിലിം ആൻഡ് ഡോക്യുമെന്ററി അവാർഡ്സ്, മെൽബൺ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, വേക്ക് ഫോറസ്റ്റ് ഫിലിം ഫെസ്റ്റിവൽ, അനറ്റോലിയൻ ഇന്റർനാഷണൽ ഫിലിം അവാർഡ്സ് എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര മേളകളിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗോള സാംസ്കാരിക കൂട്ടായ്മകൾ ഒപ്പുശേഖരണവും പ്രതിഷേധ കാമ്പയിനുകളും ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.