രണ്ടുതവണ വിഷം കുത്തിവെച്ചിട്ടും മരിച്ചില്ല; ഒടുവിൽ ബോധം തെളിഞ്ഞു, സംസാരിച്ച് ക്രിസ്റ്റ പൈക്ക്

നാഷ്‌വിൽ: അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ട് ഗുരുതരാവസ്ഥയിലായ തടവുകാരി ക്രിസ്റ്റ പൈക്ക് ബോധം വീണ്ടെടുത്ത് സംസാരിച്ചു തുടങ്ങിയതായി അഭിഭാഷകർ അറിയിച്ചു. മാരകമായ വിഷാംശം ശരീരത്തിൽ കുത്തിവെച്ചുള്ള വധശിക്ഷാ ശ്രമം പരാജയപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് 50 കാരിയായ ക്രിസ്റ്റ അപകടനില തരണം ചെയ്ത് സംസാരിച്ചു തുടങ്ങിയത്.

‘എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ക്രിസ്റ്റ പൈക്ക് ഇപ്പോൾ ബോധവതിയാണ്. അവർ സംസാരിക്കുന്നുണ്ട്. നിർണായകമായ വൈദ്യചികിത്സയും തുടരുകയാണ്’ - അഭിഭാഷകർ പ്രസ്താവനയിൽ വ്യക്തമാക്കി.

സെപ്റ്റംബർ 30നാണ് ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്. രണ്ടുതവണ മാരക വിഷം കുത്തിവെച്ചിട്ടും മരണം സംഭവിക്കാതിരുന്നതിനെ തുടർന്ന് ആരോഗ്യനില വഷളായ ഇവരെ നാഷ്‌വില്ലിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

1996ൽ സഹപാഠിയായ കോളിൻ സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ, ഈ വർഷം അവസാനിക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും നിർത്തിവെക്കാൻ ടെന്നസി ഗവർണർ ബിൽ ലീ ഉത്തരവിട്ടിരുന്നു.

വധശിക്ഷാ ശ്രമത്തിനിടെ ക്രിസ്റ്റ വേദനകൊണ്ട് പിടയുകയും പുതപ്പ് തട്ടിമാറ്റുകയും ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിലെ ഈ പിഴവുകൾ യു.എസിലെ ക്രിമിനൽ ജസ്റ്റിസ് സംവിധാനത്തിലെ വധശിക്ഷാ രീതികൾക്കെതിരെ കടുത്ത വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.

1890 മുതൽ 2010 വരെയുള്ള കാലയളവിൽ യു.എസിൽ നടപ്പാക്കിയ വധശിക്ഷകളിൽ ഏകദേശം മൂന്ന് ശതമാനത്തോളം പരാജയപ്പെടുകയോ ഗുരുതരമായ പിഴവുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Tags:    
News Summary - Christa Pike lawyers say she is speaking one week after failed execution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.