‘ഇസ്‍ലാം ഫ്രാൻസ് പിടിച്ചടക്കുന്നു’; ഫ്രഞ്ച് വിദ്യാർഥി പ്രക്ഷോഭത്തിൽ വിദ്വേഷ പരാമർശവുമായി ട്രംപ്
വാഷിങ്ടൺ: ഫ്രാൻസിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്നിൽ കൂട്ട കുടിയേറ്റവും ഇസ്‍ലാമിക സ്വാധീനവുമാണെന്ന വിവാദ പരാമർശവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്കൂൾ ഫണ്ടിങ് വർധിപ്പിക്കുക, ക്ലാസ് മുറികളിലെ തിരക്ക് ഒഴിവാക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫ്രാൻസിൽ വിദ്യാർഥികൾ സമരം ശക്തമാക്കിയതിനിടയിലാണ് ട്രംപിന്റെ വിദ്വേഷ പരാമർശം.
‘ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ട കുടിയേറ്റമാണ്. ഇത് സ്കൂളുകളെക്കുറിച്ചുള്ള പ്രശ്നമല്ല, മറിച്ച് ഫ്രാൻസിനെ ഇസ്‍ലാം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്!’ ട്രംപ് ട്രൂത്ത് സോഷ്യൽ കുറിച്ചു.
വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പാരീസിൽ രാജ്യവ്യാപകമായി ആളുകൾ തെരുത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ പകുതിയോടെ പാരീസ് മേഖലയിൽ ആരംഭിച്ച പ്രക്ഷോഭം ചുരുങ്ങിയ സമയംകൊണ്ട് ഫ്രാൻസിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും പടരുകയായിരുന്നു. ഇത് വ്യാപകമായ സ്കൂൾ അടച്ചുപൂട്ടലുകൾക്കും അക്രമസംഭവങ്ങൾക്കും കാരണമായി.
കഴിഞ്ഞ രണ്ട് ആഴ്ചകളായി വിദ്യാർഥികൾ സ്കൂളുകൾ ഉപരോധിക്കുകയും ക്ലാസുകൾ ബഹിഷ്കരിക്കുകയും ചെയ്യുകയാണ്. സമരം ആരംഭിച്ചതിനുശേഷം പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ 6,500ലധികം അറസ്റ്റുകളാണ് പൊലീസ് രേഖപ്പെടുത്തിയത്. വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ച പൊലീസ് നടപടിക്കെതിരെ മാതാപിതാക്കളും അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്ചയും കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ വിവിധ വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, പ്രക്ഷോഭം ആരംഭിച്ചതുമുതൽ ഇതുവരെ 215 വിദ്യാർഥികൾക്കും 715 പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി ഫ്രഞ്ച് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രക്ഷോഭം മൂർച്ഛിച്ചതിനെ തുടർന്ന്, രാജ്യത്തുടനീളമുള്ള ഹൈസ്കൂൾ ക്ലാസുകൾ ഈ ആഴ്ച അവസാനം വരെ താൽക്കാലികമായി നിർത്തിവെച്ചതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു. ഇതിനിടെ പൊലീസ് നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് രംഗത്ത് വന്നു. പ്രക്ഷോഭം അതിക്രമത്തിലേക്ക് കടന്നപ്പോഴാണ് ഉദ്യോഗസ്ഥർ ഇടപെട്ടതെന്നും മിക്ക കേസുകളിലും നടപടി കൃത്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.