ഡ്രോൺ ആക്രമണം

റഷ്യയിൽ എണ്ണ ടാങ്കറിനുനേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം; 23 ഇന്ത്യൻ ജീവനക്കാർ രക്ഷപ്പെട്ടു

മോസ്കോ: റഷ്യയുടെ തെക്കൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഉണ്ടായ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ 23 ഇന്ത്യൻ ജീവനക്കാർ അപകടത്തിൽപ്പെട്ടെങ്കിലും എല്ലാവരും സുരക്ഷിതമായി രക്ഷപ്പെട്ടതായി റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. റഷ്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോചി നഗരത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്.

ലൈബീരിയൻ പതാകയേന്തിയ എണ്ണ ടാങ്കറിന് നേരെ നാവിക ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായും, ഇതേ തുടർന്ന് കപ്പലിന് തീപിടിച്ചതായും വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. സോചി തീരത്ത് വൻ തീപിടിത്തംആക്രമണത്തിന് ശേഷം കടലിൽ വൻ തീപിടിത്തം ഉണ്ടായതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഓറഞ്ച് നിറത്തിൽ കത്തിയമരുന്ന തീജ്വാലകളും സോചി നഗരത്തിന് മുകളിലേക്ക് ഉയരുന്ന കറുത്ത പുകയും ദൃശ്യങ്ങളിൽ കാണാം. തീപിടിത്തത്തെ തുടർന്ന് സോചിയിലെ തീരപ്രദേശത്തേക്കും ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിയന്ത്രിച്ചതായി നഗര മേയർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ഏകദേശം അഞ്ച് ലക്ഷം ജനസംഖ്യയുള്ള സോചി, റഷ്യയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. തീയുടെ തീവ്രത വളരെ കൂടുതലായതിനാൽ അഗ്നിശമന സേനക്ക് തീ അണക്കാൻ കഴിഞ്ഞില്ലെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിന്റെ വിഡിയോയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

2022ൽ റഷ്യ യുക്രെയ്നിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം കരിങ്കടലിലും പരിസര പ്രദേശങ്ങളിലുമുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം റൊമാനിയയുടെ തീരത്തിന് സമീപം യുക്രെയ്ൻ ചരക്കുകൾ കൊണ്ടുപോകുകയായിരുന്ന ധാന്യ കപ്പലുകൾക്ക് നേരെയും റഷ്യ ആക്രമണം നടത്തിയിരുന്നു.

ഈജിപ്തിലേക്ക് യുക്രെയ്ൻ ധാന്യവുമായി പോയ കപ്പലിന് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി അന്ന് പറഞ്ഞിരുന്നു. അന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

യുക്രെയ്ൻ പട്ടണങ്ങൾക്കും നഗരങ്ങൾക്കും നേരെ മോസ്കോ ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികാരമായാണ് റഷ്യൻ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള തങ്ങളുടെ ആക്രമണങ്ങളെന്ന് യുക്രെയ്ൻ ന്യായീകരിക്കുന്നുണ്ട്.ഇരു രാജ്യങ്ങളും സമീപ ആഴ്ചകളിൽ ആക്രമണങ്ങൾ ശക്തമാക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

റഷ്യ അടുത്തിടെ കിയവിലെ പ്രധാന പാലങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കുകയും തലസ്ഥാനത്ത് പകൽ സമയത്ത് ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു, ഇത് വലിയ ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. 

Tags:    
News Summary - 23 Indians Rescued After Tanker Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.