ഡോ. ഹുസ്സാം അബൂ സാഫിയ
ഗസ്സ സിറ്റി: ഉത്തര ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി റെയ്ഡ് ചെയ്ത് രോഗികളെയും ജീവനക്കാരെയും പുറത്താക്കിയ ഇസ്രായേൽ സേന, ഡയറക്ടറെ അറസ്റ്റ് ചെയ്ത് തടവിലിട്ടു. ഡോ. ഹുസ്സാം അബൂ സാഫിയയെയും നിരവധി ആശുപത്രി ജീവനക്കാരെയും സേന ബലംപ്രയോഗിച്ച് തടങ്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയതായി ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ആശുപത്രി ഒഴിപ്പിച്ച് സർജറി വിഭാഗങ്ങൾക്ക് തീവെച്ച ശേഷമായിരുന്നു അറസ്റ്റ്. അതിഗുരുതരാവസ്ഥയിലുള്ള രോഗികളെയടക്കമാണ് ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ചത്. ഉത്തര ഗസ്സയിൽ അവശേഷിക്കുന്ന പ്രധാനപ്പെട്ട ഏക ആശുപത്രിയായ കമാൽ അദ്വാനിൽ 75 രോഗികളും 180 ജീവനക്കാരുമാണുണ്ടായിരുന്നത്. ആശുപത്രിക്കു നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് മെഡിക്കൽ സ്റ്റാഫ് അടക്കം 50 പേർ കൊല്ലപ്പെട്ടതായി ഡോ. ഹുസ്സാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, ആശുപത്രി തീയിട്ട് നശിപ്പിച്ച ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതയെ ലോകാരോഗ്യ സംഘടന അപലപിച്ചു. ആരോഗ്യ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ആയിരക്കണക്കിന് ഫലസ്തീനികൾക്കുള്ള മരണശിക്ഷയാണ്. ഈ ഭീകരത അവസാനിപ്പിക്കണമെന്നും ആരോഗ്യ കേന്ദ്രങ്ങൾ സംരക്ഷിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.