ഫലസ്തീൻ വിഷയത്തിലെ നിലപാട്; പള്ളി സന്ദർശനത്തിനിടെ ജസ്റ്റിൻ ട്രൂഡോക്കു നേരെ പ്രതിഷേധം

ഒട്ടാവ: പള്ളിയിൽ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കുനേരെ പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടി പ്രതിഷേധം. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ടിൽ സ്വീകരിച്ച നിലപാട് പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായി പ്രചരിക്കുകയാണ്.

‘നിങ്ങൾ എന്തുകൊണ്ട് വെടിനിർത്തലിന് ആഹ്വാനം ചെയ്തില്ല’, ‘നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു’ എന്നെല്ലാം ആളുകൾ വിളിച്ചുപറഞ്ഞു. പിന്നീട് വാഹനത്തിൽ കയറാൻ പള്ളിക്ക് പുറത്തെത്തിയപ്പോഴും ആളുകൾ പ്ലക്കാർഡുകളേന്തി പ്രതിഷേധം അറിയിച്ചു. ടൊറന്റോയിലെ ഇന്റർനാഷണൽ മുസ്‌ലിം ഓർഗനൈസേഷനിൽ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ട്രൂഡോയുടെ സന്ദർശനം.

ട്രൂഡോയുടെ സന്ദർശനം അപ്രതീക്ഷിതമായിരുന്നു. മാധ്യമങ്ങളൊന്നും വിവരമറിഞ്ഞിരുന്നില്ല. പശ്ചിമേഷ്യയിലെ സംഭവങ്ങളാൽ മുസ്‌ലിം സമൂഹത്തിന് പിന്തുണ നൽകാനായിരുന്നു സന്ദർശനമെന്ന് പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നയതന്ത്ര പരിരക്ഷ പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലക്ഷക്കണക്കിനാളുകളുടെ ജീവിതം ദുരിതത്തിലാക്കും -ട്രൂഡോ

കനേഡിയൻ ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷ പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളിലുമുള്ള ലക്ഷക്കണക്കിനാളുകളുടെ ജീവിതം ദുരിതത്തിലാക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ നേരത്തെ പ്രതികരിച്ചു. 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചതിന് പിന്നാലെയാണ് ട്രൂഡോയുടെ പരാമർശം.

വലിയ ബുദ്ധിമുട്ടുകളാണ് ഇന്ത്യയുടെ നടപടികൾ മൂലം ഇന്ത്യയിലേയും കാനഡയിലേയും ജനങ്ങൾക്ക് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായാണ് ഇന്ത്യയുടെ പ്രവർത്തിയെന്നും ട്രൂഡോ വിമർശിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരുകളുള്ള ലക്ഷക്കണക്കിന് കനേഡിയൻ പൗരൻമാരുടെ കാര്യത്തിൽ തനിക്ക് ആശങ്കയുണ്ട്. ഇന്ത്യയുടെ നടപടി യാത്രകളേയും വ്യാപാരത്തേയും ബാധിക്കും. കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും അത് തിരിച്ചടിയാകുമെന്നും ട്രൂഡോ പറഞ്ഞു.

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതായി കാനഡ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ കൂടാതെ അവരുടെ 42 കുടുംബാംഗങ്ങളും കാനഡയിലേക്ക് മടങ്ങും.

Tags:    
News Summary - Justin Trudeau booed at Canada mosque over Israel-Hamas position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.