ഇസ്രായേൽ അംബാസഡറെ പുറത്താക്കാൻ ജോർഡൻ പാർലമെന്റ് ശിപാർശ

അമ്മാൻ: ഫലസ്തീൻ ജനതയുടെ അസ്തിത്വത്തെ വെല്ലുവിളിച്ച ഇസ്രായേൽ മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് അമ്മാനിലെ ഇസ്രായേൽ അംബാസഡറെ പുറത്താക്കാൻ ശിപാർശ ചെയ്ത് ജോർഡൻ പാർലമെന്റ്. ജോർഡനും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളും ഉൾപ്പെടെ വിപുലീകരിച്ച അതിർത്തികളുള്ള ഇസ്രായേൽ ഭൂപടം വഹിക്കുന്ന പതാക ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച് ഉപയോഗിച്ചതാണ് ജോർഡനെ ചൊടിപ്പിച്ചത്.

സ്മോട്രിച് അടുത്തിടെ പാരിസിൽ നടന്ന സമ്മേളനത്തിലാണ് ഇത്തരം ഭൂപടമടങ്ങുന്ന പതാകയുള്ള വേദിയിൽ സംസാരിച്ചത്. ‘ഫലസ്തീനികൾ ഇല്ല, കാരണം ഫലസ്തീൻ ജനത ഇല്ല’ എന്നും സ്മോട്രിച് ഞായറാഴ്ച വേദിയിൽ പറഞ്ഞിരുന്നു. സ്പീക്കർ അഹമ്മദ് അൽ സഫാദിയുടെ അധ്യക്ഷതയിൽ ചേർന്ന ജോർഡൻ പാർലമെന്റ് സമ്മേളനം ഇസ്രായേൽ പ്രതിനിധിയെ അമ്മാനിൽനിന്ന് പുറത്താക്കാൻ ഐകകണ്ഠ്യേന വോട്ട് ചെയ്തു. സ്മോട്രിച്ചിന് മറുപടിയായി സർക്കാർ നടപടിയെടുക്കണമെന്ന് സ്പീക്കറാണ് ആവശ്യപ്പെട്ടത്. സംഭവം ജോർഡൻകാരെ ഒന്നിപ്പിച്ചതായി ജോർഡൻ ഉപപ്രധാനമന്ത്രി തൗഫീഖ് കൃഷൻ പാർലമെന്റ് അംഗങ്ങൾക്കുള്ള മറുപടിയിൽ പറഞ്ഞു. സ്മോട്രിച്ചിനു മറുപടിയായി എം.പിമാർ സമ്മേളനത്തിൽ ജോർഡന്റെയും ഫലസ്തീനിന്റെയും പതാക തൂക്കിയിരുന്നു.

നേരത്തേ കടുത്ത എതിർപ്പുകൾക്കിടയാക്കിയ സംഭവത്തിൽ പ്രതിഷേധമറിയിക്കാൻ അമ്മാനിലെ ഇസ്രായേൽ അംബാസഡറെ ജോർഡൻ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു. ഈജിപ്ത്, യു.എ.ഇ സർക്കാറുകളും അപലപിച്ച് പ്രസ്താവനകൾ പുറപ്പെടുവിച്ചു. 1948ലും 1967ലും പരസ്പരം പോരാടിയ ഇസ്രായേലും ജോർഡനും 1994ലാണ് സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഭൂരിഭാഗം ജോർഡാനികളും ഫലസ്തീൻ വംശജരാണ്.

അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റം തടഞ്ഞ 2005ലെ നിയമം കഴിഞ്ഞദിവസം ഇസ്രായേൽ റദ്ദാക്കിയിരുന്നു. ഇസ്രായേൽ പൗരന്മാർക്കുണ്ടായിരുന്ന പ്രവേശനവിലക്കാണ് ഇതോടെ നീങ്ങിയത്. ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ ഇസ്രായേൽ സർക്കാറിന്റെ തീരുമാനം ഫലസ്തീൻ പ്രദേശങ്ങളിൽ ജൂത കുടിയേറ്റം വ്യാപകമാക്കാനുള്ള നടപടിയായാണ് വിലയിരുത്തുന്നത്.

അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ നിരവധി പാർപ്പിടസമുച്ചയങ്ങളുടെ നിർമാണം ആരംഭിച്ചതായാണ് റിപ്പോർട്ട്. 2005ൽ ഏരിയൽ ഷാരോൺ സർക്കാർ പാസാക്കിയ നിയമമനുസരിച്ച് ഗസ്സ മുനമ്പിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റകേന്ദ്രങ്ങൾ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അരനൂറ്റാണ്ടിനിടെ, വെസ്റ്റ്ബാങ്കിൽ 130ലധികം കുടിയേറ്റ കേന്ദ്രങ്ങളാണ് ഇസ്രായേൽ നിർമിച്ചത്. ഇതിൽ ഏകദേശം ഏഴു ലക്ഷം കുടിയേറ്റക്കാർ താമസിക്കുന്നുണ്ട്.

Tags:    
News Summary - Jordan parliament votes to recommend expelling Israeli ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.