ജോൺസൺ പടിയിറങ്ങി; ബ്രിട്ടനിൽ ഇനി ട്രസ്

ലണ്ടൻ: കടുത്ത പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ വംശജനായ ഋഷി സൂനകിനെ കടന്ന് പാർട്ടിയുടെ അമരത്തെത്തിയ ലിസ് ട്രസ് ഇനി ബ്രിട്ടൻ നയിക്കും. ചൊവ്വാഴ്ച പദവിയൊഴിഞ്ഞ ബോറിസ് ജോൺസന്റെ പിൻഗാമിയായി ലിസ് ട്രസിനെ എലിസബത്ത് രാജ്ഞി നിയമിച്ചു. സ്കോട്ട്‍ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിൽ രാജ്ഞിയെ സന്ദർശിച്ച നിയുക്ത പ്രധാനമന്ത്രിയെ മന്ത്രിസഭ രൂപവത്കരണത്തിന് രാജ്ഞി ചുമതലപ്പെടുത്തി. ഏഴുപതിറ്റാണ്ടിനിടെ ആദ്യമായാണ് ബക്കിങ്ഹാം കൊട്ടാരത്തിനുപകരം ബാൽമൊറൽ കൊട്ടാരത്തിൽ പുതിയ പ്രധാനമന്ത്രിക്ക് രാജ്ഞി ചുമതല കൈമാറുന്നത്.

ആറു വർഷത്തിനിടെ കൺസർവേറ്റിവ് കക്ഷിയിൽനിന്നുള്ള നാലാം പ്രധാനമന്ത്രിയാണ് ട്രസ്. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാം വനിത പ്രധാനമന്ത്രിയും. കഴിഞ്ഞ ദിവസം കൺസർവേറ്റിവ് പാർട്ടി തെരഞ്ഞെടുപ്പിൽ 57.4 ശതമാനം അംഗങ്ങളുടെ പിന്തുണയുമായാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യം നേരിടുന്ന കടുത്ത ഊർജ പ്രതിസന്ധിയും സാമ്പത്തിക പ്രയാസങ്ങളും നേരിടുമെന്ന് തെരഞ്ഞെടുക്കപ്പെട്ടശേഷം പ്രധാനമന്ത്രി ട്രസ് പ്രഖ്യാപിച്ചു. എന്നാൽ, ദൗത്യം വിജയകരമായി പൂർത്തിയാക്കിയ റോക്കറ്റ് പോലെ ആരോരും അറിയാതൊരിടത്ത് താൻ അപ്രത്യക്ഷനാകുമെന്ന് അധികാരമൊഴിഞ്ഞ ബോറിസ് ജോൺസൺ പറഞ്ഞു.

മന്ത്രിസഭയിലെ ഭൂരിപക്ഷവും രാജി നൽകിയിട്ടും പിടിച്ചുനിൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ടായിരുന്നു ബോറിസിന്റെ രാജി. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് ആരോഗ്യ പ്രശ്നങ്ങളാൽ മടക്കം പ്രയാസമായതിനാലാണ് 96കാരിയായ എലിസബത്ത് രാജ്ഞി സ്കോട്ട്‍ലൻഡിൽ വിശ്രമത്തിൽ കഴിയുന്നത്. മുമ്പ് 1885ൽ വിക്ടോറിയ രാജ്ഞിയുടെ കാലത്താണ് അവസാനമായി സ്കോട്ട്ലൻഡിലെ കൊട്ടാരത്തിൽ പ്രധാനമന്ത്രിയെ നിയമിക്കുന്നത്. വോട്ടെടുപ്പിൽ ജയിച്ച ലിസ് ട്രസിനെ തിങ്കളാഴ്ച പാർട്ടി പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരുന്നു.

ബുധനാഴ്ച ചേരുന്ന പാർലമെന്റ് യോഗത്തിനു ശേഷമാകും പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കൽ. ധനമന്ത്രിയായി നിലവിലെ ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടങ് തെരഞ്ഞെടുക്കപ്പെട്ടേക്കും. അറ്റോണി ജനറൽ സുവേല ബ്രേവർമാൻ ആഭ്യന്തര സെക്രട്ടറി പദവിയും ജെയിംസ് ക്ലവർലി വിദേശകാര്യവും വഹിക്കും.

Tags:    
News Summary - Johnson stepped down; Truss In Britain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.